കൊച്ചി: വാഗ്ദാനം നൽകിയ നൂറു കോടിയിൽ അഞ്ചുകോടിയെങ്കിലും കിട്ടാതെ നിറുത്തിവെച്ച പണികൾ പുനരാരംഭിക്കില്ലെന്ന് നഗരസഭാ കരാറുകാർ. പണി ചെയ്തില്ലെങ്കിൽ കരിമ്പട്ടികയിലാക്കുമെന്ന് നഗരസഭയും. റോഡിലെ കുഴിയടയ്ക്കൽപോലും മുടങ്ങിയതോടെ പ്രശ്നംപരിഹരിക്കാൻ നടപടികൾ ഉൗർജിതമായി.

കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇരുനൂറോളം കരാറുകാർ സമരത്തിലാണ്. 100 കോടിയോളം രൂപയാണ് കോർപ്പറേഷനിൽനിന്ന് കരാറുകാർക്ക് കിട്ടാനുള്ളത്. സമരം ആരംഭിച്ചപ്പോൾ അഞ്ചുകോടി രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ രണ്ടരക്കോടിയേ നൽകാൻ പറ്റൂവെന്നാണ് അധികൃതർ പറയുന്നത്.

2017 ഒക്ടോബർ മുതൽ കോർപ്പറേഷനിൽ നിന്ന് കുടിശികയൊന്നും കിട്ടിയിട്ടില്ല.

# ജോലികൾ സ്തംഭനത്തിൽ

കുടിശികതുക കിട്ടാത്തതിനാൽ കോർപ്പറേഷന്റെ ജനകീയാസൂത്രണഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾ നിറുത്തിവച്ചു. 15-ാം ധനകാര്യ കമ്മിഷന്റെ ഫണ്ടും ലഭിച്ചിട്ടില്ല. പ്രവൃത്തികൾക്കെല്ലാം ടെൻഡർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കുടിശികതുക കിട്ടിയാലേ പണികൾ ആരംഭിക്കുവെന്ന നിലപാടിലാണ് കരാറുകാർ. പണികൾ നടന്നില്ലെങ്കിൽ സർക്കാർഫണ്ട് വെട്ടിച്ചുരുക്കുമെന്നതിനാൽ ജനകീയാസൂത്രണ പദ്ധതികൾ ചെയ്യാത്തവരെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നാണ് കോർപറേഷന്റെ മുന്നറിയിപ്പ്. മറ്റു ഫണ്ട് ഉപയോഗിക്കുന്ന ബ്രേക്ക് ത്രൂ, സ്മാർട്ട് സിറ്റി, അമൃത തുടങ്ങിയ പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

# സാമ്പത്തിക പ്രതിസന്ധിയിൽ

കോർപ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ പോലും നൽകാനാവാത്ത സ്ഥിതിയാണ്. കൊവിഡിന്റെ പേരിൽ ചെലവാക്കിയ ഫണ്ടുകളൊന്നും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. ശമ്പളവും പെൻഷൻ ഇനത്തിലും വലിയൊരു തുകയാണ് വേണ്ടിവരുന്നത്. അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

# കരാറുകാരുടെ ആവശ്യങ്ങൾ

1. നൽകാമെന്ന് പറഞ്ഞ 10 കോടി ഉടൻ നൽകുക

2. കുടിശിക മാസതവണകളായി നൽകുക

ഉറപ്പ് പാലിക്കണം

"സമരം നടത്തുമ്പോൾ കുടിശികതുക തരാമെന്ന അധികൃതരുടെ ഉറപ്പു ലഭിക്കുന്നതല്ലാതെ നടപ്പിലാക്കുന്നില്ല. രണ്ടരക്കോടി ലഭിച്ചാലും പ്രതിസന്ധി തീരില്ല."

കുമ്പളം രവി

കോൺട്രാക്ടർ

ഉടൻ കൊടുക്കും

" കോർപറേഷന്റെ സാമ്പത്തികപ്രശ്നം മൂലമാണ് തുക കൊടുക്കാൻ വൈകുന്നത്. അടിയന്തരമായി രണ്ടരക്കോടി കൊടുക്കാനാണ് തീരുമാനം. ഇന്ന് ചെക്ക് എഴുതി തുടങ്ങും. കോർപറേഷൻ സെക്രട്ടറി ഇല്ലാത്തത് മറ്റൊരു പ്രതിസന്ധിയാണ്. "

കെ.അർ. പ്രേമകുമാർ

ഡെപ്യൂട്ടി മേയർ