തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നൽകിയ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം. അഭിജിത്ത് ഏറ്റെടുത്തത് സമൂഹത്തിൽ രോഗം പരത്താനുള്ള ദൗത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുനടത്തുന്ന സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറിയത്. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളോടൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇത്തരം തെറ്റായ പ്രവണതകൾനിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് ഉൾപ്പെടെ ചുമതലയുണ്ട്. രാഷ്ട്രീയമായി ഭിന്നതയും താത്പര്യങ്ങളുമുണ്ടാകാം. അത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം മനസിലാക്കണം എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളു.
അഭിജിത്തിനെതിരെ പോത്തൻകോട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം 419ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 ലെ 4(2)(ബി), 4(2)(എ), 5 എന്നിവ പ്രകാരമാണ് കേസെടുത്തത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. സംഭവത്തെക്കുറിച്ച് പോത്തൻകോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.