പോത്തൻകോട്: ആൾമാറാട്ടം നടത്തി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന കേസിൽ കെ.എസ്. യു. സംസ്ഥാന പ്രസിഡന്റ് കെ .എം.അഭിജിത്തിനെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു.
. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്.കെ .വേണുഗോപാലൻ നായരുടെ പരാതിയിലാണ് ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തി
കേസെടുത്തത്. സംഭവത്തിൽ അഭിജിത്തിനെ സഹായിച്ച ആരോഗ്യ പ്രവർത്തകനെതിരെയും
കേസെടുക്കും.
കഴിഞ്ഞ ദിവസം പോത്തൻകോട് തച്ചപ്പള്ളി സ്കൂളിൽ കോവിഡ് പരിശോധനയ്ക്കെത്തിയ കെ. എം. അഭിജിത്ത് പേരും, മേൽവിലാസവും, ഫോൺ നമ്പറും മാറ്റി നൽകിയെന്നാണ് ആരോപണം . കെ.എം. അഭി എന്ന പേരിലാണ് രജിസ്റ്റർ ചെയ്തത്. ഇങ്ങനെയൊരാൾ ഈ വിലാസത്തിലില്ലെന്ന് കണ്ടെത്തി. തച്ചപ്പള്ളി സ്കൂളിലെ മെഡിക്കൽ ക്യാമ്പിൽ പരിശോധനയ്ക്ക് എത്തേണ്ടവരുടെ ലിസ്റ്റ് നേരത്തേ തയ്യാറാക്കിയപ്പോൾ, അതിൽ കെ.എം. അഭിയെന്ന പേര് ഉൾപ്പെട്ടിരുന്നതായും കണ്ടെത്തി.
വ്യാജ പ്രചരണമെന്ന്
അഭിജിത്
താൻ വേഷം മാറി കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് കെ. എം. അഭിജിത് പറഞ്ഞു.സഹപ്രവർത്തകരിൽ ചിലർക്ക് കോവിഡ് പോസിറ്റീവായതിനാൽ കൊവിഡ് പരിശോധനയ്ക്ക് . സഹപ്രവർത്തകനാണ് ഇവിടെ താമസിക്കുന്ന വീടിന്റെ മേൽവിലാസം നൽകിയത്. അദ്ദേഹം എപ്പോഴും വിളിക്കുന്ന അഭിയെന്ന പേര് നൽകി. മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശരിയായാണ് നൽകിയത്. വേഷംമാറിയല്ല പരിശോധിക്കാൻ പോയത്. പോസിറ്റിവായ വിവരം മറച്ചുവച്ചിട്ടുമില്ല.പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റാണ് തെറ്റായ കാര്യങ്ങൾ പറഞ്ഞ് പരത്തി അപമാനിക്കാൻ ശ്രമിച്ചത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.