naamdev

വൈപ്പിൻ : കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ ചൊവ്വാഴ്ച പുലർച്ചെ ചെറായി കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവിനെ (23) കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി ഇന്നലെ ഉച്ചയോടെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. അയ്യമ്പിള്ളി ചൂളക്കപറമ്പിൽ നാംദേവാണ് (19) കീഴടങ്ങിയത്. ഇയാൾ രണ്ടാംപ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മുനമ്പം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊലപാതകം നടന്ന ബീച്ച് റോഡിലെത്തിച്ച് ശനിയാഴ്ച തെളിവെടുപ്പ് നടത്തി വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

3 പ്രതികളെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായി. കേസിൽ പ്രണയവുമായി ബന്ധപ്പെട്ടതല്ലാതെ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു.