dd

ആറ്റിങ്ങൽ: ആലംകോട് അടഞ്ഞുകിടന്ന ഹോട്ടലിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ സൂത്രധാരൻ പിടിയിൽ. മണമ്പൂർ തൊപ്പിച്ചന്ത എഫ്.എഫ്.മൻസിലിൽ എൻ.ഫഹദ് (26) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. കീഴാറ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജ്ജുൻനാഥ് (27), കീഴാറ്റിങ്ങൽ എം.സി.നിവാസിൽ എം.അജിൻമോഹൻ, ആറ്റിങ്ങൽ ഗവ.ജി.എച്ച്.എസ്.എസിനു സമീപം ചിത്തിരയിൽ ആർ. ഗോകുൽരാജ് (26) എന്നിവരാണ് നേരത്തേ പിടിയിലായത്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടുപേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായ നാലുപേരും സുഹൃത്തുക്കളാണെന്നും ഇവർ ചേർന്നാണ് ആന്ധ്രയിൽ നിന്നു കഞ്ചാവെത്തിച്ച് ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് കൈമാറുന്നതെന്നും ഇതിന് നേതൃത്വം നൽകിയത് ഫഹദാണെന്ന് അന്വേഷണസംഘം അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ജി. ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നെടുമങ്ങാട് സി.ഐ.വിനോദ്, ആര്യനാട് ഇൻസ്‌പെക്ടർ ആദർശ്, സി.ഇ.ഒ.മാരായ നസിമുദ്ദീൻ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.