തിരുവനന്തപുരം: പാലാരിവട്ടം പാലം മെട്രോമാൻ ഇ. ശ്രീധരൻ പുതുക്കിപ്പണിയും; സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ! കൊച്ചിയിൽ നേരത്തെ ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) നിർമിച്ച നാല് പാലങ്ങൾ എസ്റ്റിമേറ്റ് തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് പൂർത്തിയാക്കിയതിലൂടെ മിച്ചം വന്ന 17.4 കോടി രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കുക.
അഴിമതിക്കഥകളും കമ്മിഷൻ ഇടപാടുകളും സർക്കാർ പദ്ധതികളിലെ ധൂർത്തും മാത്രം പരിചയിച്ച കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതാണ് മെട്രോമാന്റെ വാഗ്ദാനം. പുനർനിർമാണ ജോലി ഒരാഴ്ചയ്ക്കകം തുടങ്ങുമെന്നും ഒമ്പതു മാസത്തിനകം പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
മിച്ചം വന്ന തുക ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിന്ന് സർക്കാരിന് തിരികെ നൽകാനിരിക്കുമ്പോഴാണ് പുതിയ നിയോഗമെത്തിയത്. പുനർനിർമ്മാണം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചുകൊണ്ടുള്ള ഇ. ശ്രീധരന്റെ കത്ത് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഫോണിൽ സംസാരിച്ചപ്പോൾ പാലം നിർമ്മാണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു . ശ്രീധരന്റെ മറുപടി. പിന്നീട് ഫോണിൽ സമ്മതമറിയിച്ചു.
ഇന്നലെയാണ് പാലാരിവട്ടം പാലം പുനർനിർമ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ച് ശ്രീധരന്റെ ഔദ്യോഗിക കത്ത് സർക്കാരിനു ലഭിച്ചത്. മുമ്പു നടത്തിയ നിർമ്മാണങ്ങൾക്ക് വിനിയോഗിച്ചതിനു ശേഷം ബാക്കി നിൽക്കുന്ന തുക ഉപയോഗിച്ച് ഡി.എം.ആർ.സി തന്നെ നിർമാണജോലി ഏറ്റെടുക്കുമെന്ന് ശ്രീധരൻ അറിയിച്ചതായും മന്ത്രി സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളിലെ ആശയക്കുഴപ്പത്തെ തുടർന്ന് ഡി.എം.ആർ.സി കേരളത്തിലെ ഓഫീസുകൾ അടച്ചു പൂട്ടിയിരുന്നു. ഉദ്യോഗസ്ഥരും ഡൽഹിയിക്കു മടങ്ങി. അതിനാലാണ് പുനർനിർമ്മാണം ഏറ്റെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ശ്രീധരൻ ആദ്യം അറിയിച്ചത്. എൺപത്തിയെട്ടിലെത്തിയ ശ്രീധരൻ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കൂടി അറിയിച്ചപ്പോൾ ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ പാലം പുനർനിർമിക്കുന്നതാണ് നല്ലതെന്നും സഹായിക്കണമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
ഇതേത്തുടർന്നാണ് ചുമതലയേറ്റെടുക്കാനുള്ള ശ്രീധരന്റെ തീരുമാനം. ഡി.എം.ആർ.സിയിൽ നിന്ന് സംസ്ഥാന റെയിൽവേ വികസന കോർപറേഷനിലേക്കു പോയ ചീഫ് എൻജിനിയർ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷനിൽ തിരികെ കൊണ്ടുവരാനും നിർമാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി എത്രയും വേഗം പണി ആരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്റിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.