പോത്തൻകോട്: കാട്ടായിക്കോണം ശാസ്തവട്ടം പുതുവൽ പുത്തൻവീട്ടിൽ വൈഷ്ണവിയുടെ സ്വപ്‍നങ്ങൾ യാഥാർഥ്യമാകുന്നു. നിർദ്ധന കുടുംബത്തിനായി നിർമ്മാണം തുടങ്ങിയ വീടിന്റെ പണികൾ പൂർത്തികരിച്ച് ഇന്ന് താക്കോൽ കൈമാറും. പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വൈഷ്ണവിയുടെ തുടർ പഠനത്തിന് വൈഷ്ണവിയുടെ അമ്മ പഠിച്ചിരുന്ന തുണ്ടത്തിൽ മാധവവിലാസം സ്‌കൂളിലെ 1985 ബാച്ചുകാരുടെ പൂർവവിദ്യാർഥി സംഘടനയായ ഒർമ്മ -85 വക സാമ്പത്തിക സഹായം നൽകി അനുമോദിക്കാൻ സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചിരുന്നു. മന്ത്രി എത്തിയപ്പോഴാണ് ചുവരുകൾ വിണ്ടുകീറി അപകടാവസ്ഥയിലുള്ള വീട്ടിൽ താമസിക്കാനാകാതെ വൈഷ്ണവിയും അമ്മയും അമ്മുമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പുറത്ത് ഓലഷെഡ് കെട്ടി കഴിയുന്ന ദുരവസ്ഥ നേരിൽ കാണുന്നത്, സുമനസുകളുടെ സഹായത്തോടെ കടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാക്കി നൽകുവാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ആന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് മന്ത്രി മുൻകൈയെടുത്ത് 900 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീട് നിർമ്മാണത്തിന് കളമൊരുങ്ങിയത്.
2017 മാർച്ച് 2 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ തറക്കല്ലിട്ടു . രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പകുതി ചുവർ നിർമ്മിച്ചപ്പോഴേക്കും പണി അനിശ്ചിതമായി നിലയ്ക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്കല സ്വദേശിയായ ഒരു കമ്പനി ഉടമ സൗജന്യമായി വീട് വച്ചുനൽകാമേന്നേറ്റാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ കമ്പനിയ്ക് നേരിടേണ്ടി വന്ന ചില പ്രതിസന്ധികൾ കാരണം വീട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് മന്ത്രി ഇടപെട്ട് ബേബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള സുമനസുകളുടെ സഹായത്തോടെയാണ് വീട് നിർമ്മാണം പൂർത്തികരിച്ചത്.
നാല് സെന്റ് ഭൂമിയിലെ പഴയ ജീർണ്ണിച്ച വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീടിന്റെ പണികൾ ആരംഭിച്ചത്. ഇതോടെ തലചായ്ക്കാൻ ഇടമില്ലാതായ കുടുംബം വാടക വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അമ്മയുടെ തയ്യൽ ജോലിയിൽ നിന്നുള്ള തുച്ഛ വരുമാനത്തിലാണ് കുടുംബം കഴിയുന്നത് . വൈഷ്ണവിയുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ മന്ത്രിയുടെ പ്രകാശം വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കിയിരുന്നു. നല്ലൊരു നർത്തകി കൂടിയായ വൈഷ്‌ണവി ഇപ്പോൾ എജിനീയറിംഗ് വിദ്യാർത്ഥിനിയാണ്.
ഇന്ന് വൈകുന്നേരം 4 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുതിയ വീടിന്റെ താക്കോൽ ദാനം നിർവഹിക്കും.ബോബി ചെമ്മണ്ണൂരും വീട് നിർമ്മാണത്തിന് സഹായം ചെയ്ത മറ്റ് സുമനസ്സുകളും ചടങ്ങിൽ പങ്കെടുക്കും.
ക്യാപ്‌ഷൻ: പണിപൂർത്തിയായ വൈഷ്ണവിയുടെ വീട്.