കൊട്ടിയം: പഴയാറ്റിൻകുഴിയിൽ ദേശീയപാതയ്ക്ക് സമീപം ഫാൻസി കടയിൽ നിന്ന് അരലക്ഷം രൂപ കവർന്ന ശേഷം കടന്നുകളഞ്ഞ കേസിലെ ഇറാനിയൻ പൗരനുമായി ഇരവിപുരം പൊലീസ് തെളിവെടുപ്പ് നടത്തി. ഇറാൻ ടെഹ്റാൻ ഗോലിപൂർ സ്വദേശി സൊഹ്റാബിനെയാണ് (41) പൊലീസ് സംഘം കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം 20ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പഴയാറ്റിൻകുഴിയിലെ സെയ്നുല്ലാബ്ദീൻ എന്നയാളുടെ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി പുതിയ നോട്ട് ആവശ്യപ്പെട്ടു. കടയുടമ അൻപതിനായിരം രൂപയുടെ നോട്ട് കെട്ട് മേശപ്പുറത്ത് വച്ച് സാധനമെടുക്കാൻ തിരിഞ്ഞ സമയത്ത് ഇയാൾ പണവുമായി കടന്നുകളയുകയായിരുന്നു.
കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. അടുത്തിടെ തിരുവല്ലയിൽ സമാനമായ തട്ടിപ്പ് നടത്തി കടക്കാൻ ശ്രമിക്കവേയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാൾ റിമാൻഡിൽ കഴിയുന്ന വിവരമറിഞ്ഞ് കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം പൊലീസ് ഇയാളെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.