പേരൂർക്കട : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലെ ആറാംപ്രതി പിടിയിൽ. മെഡിക്കൽ കോളേജ് ചെന്നിലോട് ടി.സി 14/1059-ൽ അഖിലാണ് (26) പിടിയിലായത്. എഴു പ്രതികളുള്ള കേസിൽ ഒരാളെക്കൂടെ പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ‌്പദമായ സംഭവം. മുട്ടട ടി.കെ ദിവാകരൻ റോഡ് സ്വദേശി അഭയ് (19)ആണ് മർദ്ദനത്തിനിരയായത്. അഖിലുൾപ്പെടെ ഏഴംഗ സംഘം ഇരുചക്ര വാഹനങ്ങളിലെത്തിയ അഭയ്‌യെ കൂട്ടികൊണ്ടുപോയി കുമാരപുരം നെല്ലിമൂട് ഭാഗത്തെ തോടിനു സമീപത്തുവച്ച് മർദ്ദിച്ച് അവശനാക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടു. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. അഭയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐ വി. സൈജുനാഥ്, എസ്.ഐ വി. സുനിൽ, ക്രൈം എസ്.ഐ സഞ്ചു ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അഖിലിനെ റിമാൻഡ് ചെയ്തു.