ashtapalan

ഇരവിപുരം: മകനോടൊപ്പം ചേർന്ന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ അഷ്ടപാലനാണ് (54) പിടിയിലായത്.

കേസിലെ മറ്റൊരു പ്രതിയായ ഇയാളുടെ മകൻ ആദർശിനെ (26) കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന പിതാവിനെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം എത്തുന്നത് കണ്ട് ആയുധങ്ങൾ കാട്ടി വിരട്ടിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ 17ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. പനയം സ്വദേശി മിന്റേഷ് മോഹനെ ചൂരാങ്ങൽ പാലത്തിന് സമീപത്ത് അഷ്ടപാലനും മകൻ ആദർശും ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി ഡാൻസാഫ് ടീമും, കൊല്ലം ഇരവിപുരം സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും തെരച്ചിൽ നടത്തിവരികയായിരുന്നു. ആയുധങ്ങളുമായി ഇയാൾ ഒളിത്താവളത്തിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇരവിപുരം എസ്.ഐമാരായ അനീഷ്, ദീപു, ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒളിത്താവളം വളയുകയും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.