കല്ലമ്പലം: ശക്തമായ മഴയിൽ നാവായിക്കുളത്ത് രണ്ട് വീടുകൾ തകർന്നു. മാവിൻമൂട് പാണാർ കോളനിയിൽ പുതുവിൽവിള വീട്ടിൽ സുധർമണിയുടെയും, നാവായിക്കുളം 13 -ാം വാർഡിൽ സുബ്രഹ്മണ്യൻ ആചാരിയുടെയും വീടുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും തകർന്നത്. സുധർമണിയും ഭർത്താവ് മണിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചോർച്ചയുള്ള വീടിന്റെ മേൽക്കൂരയിൽ ടാർപ്പ വലിച്ച് കെട്ടിയിരിക്കുകയായിരുന്നു. വീടിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വീട്ടുടമ പറയുന്നത്. സുബ്രഹ്മണ്യൻ ആചാരിയുടെ വീടിന്റെ ഒരു ഭാഗമാണ് വൻ ശബ്ദത്തോടെ തകർന്നു വീണത്.