1

പൂവാർ: മഴക്കാലമായതോടെ പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശവാസികളെ വീണ്ടും ഭയത്തിന്റെ നിഴലിലാക്കി പകർച്ചവ്യാധി ഭീതി തലയുയർത്തിരിക്കുകയാണ്. പലതരത്തിലുള്ള മാലിന്യങ്ങൾ തീരത്ത് വലിയ തോതിൽ അടിഞ്ഞുകൂടുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കടലിൽ നിന്ന് തിരയോടൊപ്പം വൻതോതിലാണ് മാലിന്യം കരയിൽ അടി‌ഞ്ഞുകൂടുന്നത്. അതിൽ തൊണ്ണൂറ് ശതമാനവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. കൂടാതെ മത്സ്യങ്ങളും കടൽജീവികളും ചത്ത് കരയ്ക്കടിയുന്നതും രൂക്ഷമായിരിക്കുകയാണ്. കടലിലെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യക്കൾ ഭക്ഷിക്കുന്നതാണ് ഇവ ചത്ത് കരയ്ക്കടിയാൻ കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു

വീടുകളിൽ നിന്നുള്ള മാലിന്യം കൂടാതെ, ശക്തമായ മഴയെ തുടർന്ന് ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും തീരത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധി ഉണ്ടാകാൻ കാരണമാകുമെന്ന് ഭീതിയിലാണ് നാട്ടുകാർ. ആഴ്ചകളായി മലിനജലം കെട്ടിക്കിടക്കുന്നതിനാൽ അസഹ്യമായ ദുർഗന്ധവും പ്രദേശത്ത് പരക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നുണ്ട്. കരയ്ക്കടിയുന്ന ചത്ത ജീവികളെയും മത്സ്യങ്ങളെയും തെരുവ് നായ്ക്കളും കാക്കകളും ജനവാസമേഖലയിലേക്ക് വലിച്ചിഴച്ച് എത്തിക്കുന്നതും പ്രശനത്തിന്റെ വ്യാപ്തി വലുതാക്കിയിരിക്കുകയാണ്.


നീണ്ടനാൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയിരുന്ന കുളത്തൂർ, പൂവാർ ,കരുംകുളം, കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളിൽ ഇപ്പോൾ നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ചില വാർഡുകളിൽ രോഗ വ്യാപനം ഉള്ളതിനാൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. തീരദേശ പഞ്ചായത്തുകളിൽ 4 പഞ്ചായത്തിലും 150 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിച്ചുവരികയാണ്. ഏതാനും നാളുക‍ക്കുള്ളിൽ തന്നെ തീരദേശമേഖലയിൽ കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകും.

ശുദ്ധജലക്ഷാമം രൂക്ഷം

മഴക്കാലമായിരുന്നിട്ട് കൂടി തീരദേശവാസികൾ ശുദ്ധജലത്തിനായി പരക്കം പായുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഇവിടെ ഇടയ്ക്കിടെ പൈപ്പ് പൊട്ടിയൊഴുകുന്നതും പ്രദേശവാസികളെ വലയ്ക്കുന്നുണ്ട്. പൊട്ടി ഒഴുകുന്ന പൈപ്പിന് ചുവട്ടിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതും, കെട്ടികിടക്കുന്ന വെളിത്തിൽ ചീഞ്ഞ മീനും മാറ്റ് മാംസാവശിഷ്ടങ്ങളും വന്ന് വീഴുന്നതും നാട്ടുകാർക്കിടയിൽ പതിവ് കാഴചകളാണ്. കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും തിരക്കിലായതോടെ മഴക്കാല മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ പലയിടത്തും അവതാളത്തിലായി. ഇതാണ് പകർച്ചവ്യാധി ഭീഷണിയുണ്ടാകാൻ കാരണമായി നാട്ടുകാർ പറയുന്നത്.