vld-1

വെള്ളറട: മലയോര മേഖലയിലെ റോഡുകൾ തകർന്ന് ശോച്യാവസ്ഥയിലായിട്ടും നവീകരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല. വർഷങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് പണികഴിപ്പിച്ച നെയ്യാറ്റിൻകര - വെള്ളറട റോഡും പൂർണമായി തകർന്ന നിലയിലാണ്. ഈ റോഡിലെ കാരക്കോണം,​ പനച്ചമൂട്,​ വെള്ളറട,​ ഉണ്ടൻകോട് ഭാഗങ്ങളിൽ അടുത്തിടെ അറ്റകുറ്റപ്പണികൾ ചെയ്ത് മസങ്ങൾ കഴിയും മുൻപ് തന്നെ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. മറ്റു ഭാഗങ്ങളിൽ നവീകരണ പ്രവർ‌ത്തനങ്ങൾ നടന്നിട്ടില്ല. അധികൃതരുടെ ഈ അവഗണന കാരണം റോഡിലെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

ആനപ്പാറ - നെടുമങ്ങാട് റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. തകർന്ന റോഡിനൊപ്പം മഴകൂടി എത്തിയതോടെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള യാത്ര കൂടുതൽ ദുരിതമായിരിക്കുകയാണ്. ടാർ ഇളകിമാറി വൻ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി പല ഭാഗങ്ങളിലും നട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. റോഡുകളുടെ ശോച്യാവസ്ഥ കാരണം പല ഭാഗങ്ങളിലും അപകടങ്ങൾ പതിവാണ്.

വെള്ളറട - ആനപ്പാറ റോഡിൽ ഗ്രാമീണബാങ്കിന് സമീപം വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നതുകാരണം താഴ്ഭാഗത്ത് താമസിക്കുന്ന നാലു കുടുംബങ്ങൾ അപകട ഭീഷണി നേരിടുകയാണ്. റോഡിലെ ഓടകൾ അടഞ്ഞിട്ട് നാളുകൾ ഏറെയായി. ഓട അടിയന്തരമായി നിർമിച്ചാൽ മാത്രമേ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളു. അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയും അവഗണന തുടർന്നാൽ കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.