sabarimala


തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി നടതുറക്കുമ്പോൾ ശബരിമലയിൽ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചേക്കും. മണ്ഡലകാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംവിധാനം വിലയിരുത്താനും പോരായ്മകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനുമാണ് തുലാമാസ പൂജയ്ക്കായി നടതുറന്നിരിക്കുന്ന അഞ്ചു ദിവസം പ്രവേശനം നൽകാൻ ആലോചിക്കുന്നത്.തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.
ആരോഗ്യം,പൊലീസ്,വനം,ജലസേചനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. പൊലീസിനും ആരോഗ്യവകുപ്പിനുമായിരിക്കും പ്രവേശനത്തിന്റെ പ്രധാന ചുമതല.

ആറു മാസമായി ശബരിമലയിൽ ഭക്തജനങ്ങളെ വിലക്കിയിരിക്കുകയാണ്.
മണ്ഡലകാലത്തും ഭക്തജനങ്ങളെ വിലക്കിയാൽ നേരിടുന്ന വരുമാന നഷ്ടം ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത നിലയിലാണ് ബോർഡ്.

ദർശന നിർദേശങ്ങൾ
# വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം
# ഒരുസമയം 50 പേർക്ക് ദർശനാനുമതി.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പമ്പയിലോ മറ്റു കേന്ദ്രങ്ങളിലോ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം.
# പ്രായം 10കഴിയാത്തവർക്കും 65 കഴിഞ്ഞവർക്കും വിലക്ക്
# പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ്.
# മാസ്‌ക് , സാനിറ്റൈസർ നിർബന്ധം.


മണ്ഡലകാലത്ത് ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാനാണ് ആലോചന. മുൻകരുതൽ നിർദ്ദേശങ്ങൾ സർക്കാരിന്റെ അംഗീകാരത്തിനായി നൽകിയിട്ടുണ്ട്.

-അഡ്വ.എൻ.വാസു ,
പ്രസിഡന്റ് ,തിരുവിതാംകൂർ ദേവസ്വം ബോർഡ്