sep25a

ആറ്റിങ്ങൽ: അവനവഞ്ചേരി സബ് സ്റ്റേഷൻ പരിധിയിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നഗരസഭാ ചെയർമാനും കൗൺസിലർമാരും അവനവഞ്ചേരി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറെ തടഞ്ഞുവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വാർഡ് കൗൺസിലർമാർ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുമ്പോൾ നിരുത്തരവാദപരമായ സമീപനമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ചെയർമാൻ പറഞ്ഞു. ഇന്നലെ രാവിലെ 10ഓടെയാണ് എ.ഇ ജി. മധുകുമാറിനെ തടഞ്ഞുവച്ചത്. ചെയർമാന്റെ നേതൃത്വത്തിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജമീല, കൗൺസിലർമാരായ എം. താഹിർ, എം.കെ. സുരേഷ്, കെ.എസ്. സന്തോഷ് കുമാർ, ടി.ആർ. കോമളകുമാരി, സി.ആർ. ഗായത്രി ദേവി, ശ്യാമളയമ്മ, കെ. ശോഭന, ഒ.എസ്. മിനി, പി.എസ്. വീണ, എം.എസ്. മഞ്ചു എന്നിവർ പങ്കെടുത്തു. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയ ശേഷം പ്രതിഷേധം അവസാനിപ്പിച്ചു.