ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനായി നാലുപതിറ്റാണ്ടോളം തുടർച്ചയായി ഗാനരംഗത്തും സിനിമാലോകത്തും നിറസാന്നിദ്ധ്യമായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യം സംഗീതത്തിൽ ലയിച്ചു ചേർന്നിക്കുന്നു. തന്റെ പാട്ടുകളിലൂടെ ആസ്വാദക മനസിനെ തരളിതമാക്കുകയും ആർദ്രമാക്കുകയും ചെയ്തിരുന്ന എസ്.പി,.ബി ഇനി ജീവിക്കുക തന്റെ ഗാനങ്ങളിലൂടെയായിരിക്കും. ഓരോ ഗാനത്തിലും ഒരു സ്പെഷ്യൽ എസ്.പി.ബി ടച്ച് ഒളിപ്പിച്ച് വച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതസപര്യയും അത്തരത്തിൽ ഒരു അതുല്യ സംഗീതത്തിന് സമാനമായിരുന്നുവെന്ന് പറയാതിരിക്കാൻവയ്യ. എസ്.പി.ബി എന്നത് സംഗീതപ്രേമികൾക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു, ആത്മാവിനോട് ചേർത്ത അനേകം ഗാനങ്ങൾ ആയിരുന്നു. പ്ലേബാക്കിലും ലൈവായും അദ്ദേഹം തീർത്ത സംഗീത മാധുരിയിൽ എയ്രോ ലക്ഷം ആരാധകരുടെ സ്‌നേഹസന്തോഷങ്ങൾ അലിഞ്ഞു ചേർന്നിരുന്നു. പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബിംഗ് ആർട്ടിസ്റ്റ് എന്നിങ്ങനെ തെന്നിന്ത്യയിൽ നിറഞ്ഞാടിയ പ്രതിഭ. സൂപ്പർസ്റ്റാർ തലമുറകളുടെ തിളക്കത്തിന് മാറ്റ്കൂട്ടിയ ശബ്ദം. എവിടെയാണെങ്കിലും എപ്പോഴും സംഗീതത്തിൽ ജീവിച്ചിരുന്ന എസ്.പി.ബിയുടെ സന്തോഷവും സംഗീതം തന്നെയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങി 16 ഇന്ത്യൻ ഭാഷകളിലെ 40,000 പാട്ടുകളുമായാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റെക്കാഡ് ചെയ്തതിന്റെ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയത്. ഒറ്റ ദിവസം 21 പാട്ട് റെക്കാഡ് ചെയ്തും എസ്.പി.ബി അത്ഭുതമായി. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്. ഒരു ദിവസം 19 തമിഴ് പാട്ടുകളും മറ്റൊരു ദിവസം 16 ഹിന്ദി പാട്ടുകളും പാടി എസ്.പി.ബി തന്നോടുതന്നെ ‘മത്സരിക്കുകയായിരുന്നു'. ശാസ്ത്രീയ സംഗീതത്തിന്റെ കൊടുമുടിയിലും ലളിത സംഗീതത്തിന്റെ താഴ്വരയിലും ഒരേസമയം അനായാസം എത്തിച്ചേരുന്ന ഗായകൻ എസ്.പി.ബി പാട്ടിന്റെ പാലാഴിയായി യുഗ യുഗാന്തരങ്ങളോളം സംഗീതപ്രേമികളുടെ ഹൃദയതാളമാകും.
ബാല്യവും പഠനവും
ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനം കവർന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്.പി ബാലസുബ്രഹ്മണ്യം ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിൽ 1946 ജൂൺ 4ന് ജനച്ചു. പിതാവ് എസ്.പി.സംബമൂർത്തി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. ശകുന്തളാമ്മയായിരുന്നു മാതാവ്.[ഗായിക എസ്.പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മകനെ ഒരു എൻജിനീയർ ആക്കണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരം അനന്തപൂരിലെ ജെ.എൻ,.ടി.യു എൻജിനീയറിംഗ് കോളേജിൽ ചേർന്നെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.
സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവർക്ക് എസ്.പി.ബി. ചരൺ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.
വഴിത്തിരിവായി സംഗീതമത്സരം
ചെന്നൈയിൽ ടി.നഗറിലെ കോളേജിൽ നടന്ന സംഗീതമത്സരത്തിനിടെ സുഹൃത്തായ ഭരണിയെ യാദൃച്ഛികമായി കണ്ടതാണ് ബാലുവിന്റെ സംഗീതജീവിതത്തിൽ വഴിത്തിരിവായത്. പരസ്യങ്ങൾ ഡിസൈൻ ചെയ്യുന്ന ആളാണ് ഭരണി. ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എൻജിനിയറിംഗ് പഠിക്കാൻ വന്ന ബാലു നാട്ടിൽ പല ഗാനമേളകളിൽ പങ്കെടുക്കുകയും ചില തെലുങ്കുചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുള്ളതായി ഭരണിക്കറിയാം. തമിഴിനെപ്പറ്റിയോ ചെന്നൈ മഹാനഗരത്തെപ്പറ്റിയോ വലിയ പിടിപാടില്ലാത്ത ബാലുവിനെ ഭരണി നേരെ സംവിധായകൻ ശ്രീധറെ പരിചയപ്പെടുത്തി കൊടുക്കാൻ കൊണ്ടുപോയി. ബാലു നാണംകുണുങ്ങിയായിരുന്നെങ്കിലും നന്നായിട്ടു പാടുന്ന ആളാണെന്ന് ശ്രീധറിനെ ബോധ്യപ്പെടുത്തിയത് ഭരണിയാണ്. അടുത്തദിവസം തന്റെ 'ചിത്രാലയ'യുടെ ഓഫീസിൽ വന്ന് സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥനെ കാണാൻ ശ്രീധർ പറഞ്ഞു. തമിഴ് ശരിക്കും അറിയാത്ത ബാലുവിനോട് തമിഴിൽ ഗാനം ആലപിക്കാൻ പറഞ്ഞത് വിഷമിപ്പിച്ചെങ്കിലും തെലുങ്കിൽ വരികൾ എഴുതിയെടുത്ത് പാടിയപ്പോൾ ശബ്ദം അദേഹത്തിന് ഇഷ്ടമായി. പഠനത്തിനിടയിലും ഗാനമേളകളിൽ പാടുക പതിവായിരുന്നു. ഇങ്ങനെ ഒരു ഗാനമേള കേൾക്കാൻ ഇടയായ തെലുങ്ക് സംഗീതസംവിധായകൻ കോദണ്ഡപാണിയ്ക്ക് ബാലുവിന്റെ ശബ്ദവും ആലാപനരീതിയും ഇഷ്ടമായി. അങ്ങനെയാണ് സിനിമാ പിന്നണിഗാനരംഗത്തേക്കുള്ള വാതിൽ തുറക്കുന്നത്. ഒടുവിൽ 1966 ൽ കോദണ്ഡപാണി തന്നെ 'ശ്രീ ശ്രീ മരയത രാമണ്ണ' എന്ന തെലുങ്കുചിത്രത്തിൽ ബാലുവിനെക്കൊണ്ട് ഒരു പാട്ടുപാടിച്ചു. അതോടെ കോദണ്ഡപാണി ബാലുവിന്റെ മാനസഗുരുവായി. പിന്നീട് ബാലു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളർന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയിൽ എസ്.പി. സ്വന്തമായി ഒരു റെക്കാഡിംഗ് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിന് ഗുരുവിന്റെ പേരാണ് നൽകിയത്.
1966 ൽ അരങ്ങേറ്റം നടത്തിയെങ്കിലും , 1980 ഓടെയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന ഒരു കലാകാരനായി തുടക്കം കുറിക്കാൻ കഴിഞ്ഞത്.ശങ്കരാഭരണം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. ഇളയരാജയയും ഒത്തുള്ള കൂട്ട് ഒട്ടനവധി മികച്ച ഗാനങ്ങൾക്ക് വഴി തെളിച്ചു.കൂടുതലും ക്ലാസിക്കൽ ഗാനങ്ങൾ ആലപിക്കാനുള്ള അനുഗ്രഹം ലഭിച്ചു.ഒരു പിന്നണി ഗായകൻ എന്ന ലേബലിൽ മാത്രം ഒതുങ്ങിയില്ല എസ് .പി ബാലസുബ്രഹ്മണ്യം.അദ്ദേഹം ഒരു നല്ല നടൻ കൂടിയാണെന്നു പല ചിത്രങ്ങളിലും തെളിയിച്ചു.
തമിഴകത്തിന്റെ സ്വന്തം എം.എസ്.ബി
എം.എസ്. വിശ്വനാഥനെ വീണ്ടും അവിചാരിതമായി കാണാനിടയായത് തമിഴിൽ ഗാനം ആലപിക്കാനുള്ള അവസരമൊരുങ്ങി. 'ശാന്തിനിലയം' എന്ന ചിത്രത്തിൽ 'ഇയർകൈ എന്നും ഇളയകന്നി.....' എന്ന ഒരു ഗാനം ബാലുവിനുകൊടുത്തു. പി.സുശീലയോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. പി.സുശീല അക്കാലത്തു തന്നെ പ്രശസ്തയായ ഗായികയായിരുന്നതുകൊണ്ട് ഈ യുഗ്മഗാനത്തിലൂടെ താനും ശ്രദ്ധിക്കപ്പെടുമെന്ന് ബാലു കരുതി. പടവും പാട്ടും ഹിറ്റായില്ലെങ്കിലും ആ ശബ്ദം എം.ജി.ആറിന് ഇഷ്ടപ്പെട്ടു. എം.ജി.ആറിന്റെ ഒരു ചിത്രത്തിൽ സഹകരിക്കാൻ അവസരം കിട്ടുക ഏറ്റവും വലിയ ഭാഗ്യമായി എല്ലാവരും കരുതുന്ന സമയം. 'അടിമപ്പെൺ' എന്ന ചിത്രത്തിനുവേണ്ടി കെ.വി.മഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ തന്നെയായിരുന്നു. ഓർക്കാപ്പുറത്ത് വന്നുചേർന്ന ഈ ഭാഗ്യം ബാലുവിനെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. എന്നാൽ ഈ ചിത്രത്തിനുവേണ്ടി പാട്ടുകൾ റെക്കാഡ് ചെയ്യേണ്ട സമയമായപ്പോഴേക്കും ബാലു പനിപിടിച്ചു കിടപ്പിലായി. കൈവന്ന സുവർണാവസരം നഷ്ടപ്പെട്ടുപോയതിൽ ബാലു വളരെ വിഷമിച്ചു. തനിക്കുപകരം മറ്റാരെക്കൊണ്ടെങ്കിലും പാടിച്ച് ആ പാട്ട് റെക്കാഡു ചെയ്തിരിക്കുമെന്നോർത്തപ്പോൾ വലിയ നിരാശ തോന്നി. ബാലു സുഖപ്പെട്ടുവരാൻ ഒരു മാസത്തിലേറെ സമയമെടുത്തു. അതുകഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് 'അടിമപ്പെണ്ണി'ന്റെ റെക്കോഡിംഗ് നടന്നിട്ടില്ലെന്നറിഞ്ഞത്. ബാലു എന്ന യുവഗായകനുവേണ്ടി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിർദേശം. ബാലുവിന് ഇതു വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു ഇതിനു നന്ദി പറയാൻ എം.ജി.ആറിനെ വീട്ടിൽ പോയി കണ്ടു.
''തമ്പീ നീ എന്റെ പടത്തിൽ പാടാൻ പോണ കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. നിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിക്കുക. അവരെയും നിന്നെയുമെല്ലാം നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും കൊണ്ട് പാടിക്കാതെ റെക്കോഡിംഗ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചത്.''..
എം.ജി. ആറിന്റെ വാക്കുകൾ കേട്ട് ബാലു കരഞ്ഞുകൊണ്ടാണ് ഒരായിരം നന്ദിപറഞ്ഞത്. അങ്ങനെ അടിമപ്പെണ്ണിനുവേണ്ടി ബാലു പാടി. ''ആയിരം നിലവേ വാ.....'' ബാലു ആദ്യം പാടിയ 'ശാന്തി നിലയം' പുറത്തു വരുന്നതിന് മുമ്പ് അടിമപ്പെൺ റിലീസ് ചെയ്തു. അടിമപ്പെണ്ണിലെ എം.ജി.ആർ. പാടുന്ന 'ആയിരം നിലവേ.....' തമിഴ്നാട്ടിലെങ്ങും മുഴങ്ങി.
മലയാളത്തിന് പുണ്യമായി
1969 ൽ കടൽപ്പാലം എന്ന ചിത്രത്തിലൂടെ ജി. ദേവരാജൻ മാഷാണ് മലയാളത്തിൽ എസ്.പി.ബിയെ എത്തിച്ചത്. മറ്റ് ഭാഷകളിലെ തിരക്കുകാരണമാകണം മലയാളത്തിൽ വിരളമായിരുന്നു. എങ്കിൽപ്പോലും മലയാളത്തിൽ നൂറിനടുത്ത് ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിൽ അഭിനയിച്ച അനശ്വരം എന്ന ചിത്രത്തിലെ ''താരാപഥം ചേതോഹരം..." എന്ന ഗാനം മലയാളികൾക്ക് മറക്കാനാവില്ല. കൂടാതെ മഹൻലാൽ നായകനായെത്തിയ ഗാന്ധർവം എന്ന ചിത്രത്തിലെ "നെഞ്ചിൽ കഞ്ചബാണം..", ഒരു യാത്രാമൊഴിയിലെ "കാക്കാല കണ്ണമ്മ..." സി.ഐ.ഡി മൂസയിലെ "മേനെ പ്യാർ കിയാ..." ദോസ്ത് എന്ന ചിത്രത്തിലെ "വാനം പോലെ വാനം മാത്രം..." തുടങ്ങിയ ഗാനങ്ങൾ ഇവയിൽ ചിലത് മാത്രം. കിണർ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പമായിരുന്നു മലയാളത്തിൽ എസ്.പി.ബി അവസാനമായി പാടിയത്.
പ്രതീക്ഷ നൽകി മടങ്ങി
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നപ്പോഴും ആരോഗ്യനില ഗുരുതരമായപ്പോഴും എസ്.പി.ബിയുടെ മടങ്ങിവരവിനായുള്ള പ്രാർത്ഥനയിലായിരുന്നു ആരാധകരും സിനിമ ലോകവും. ഓഗസ്റ്റ് 5 നാണ് എസ്.പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13ന് ആരോഗ്യനില മോശമായതിനെത്തുടർന്ന് ചെന്നൈ എം.ജി.എം
ഹെൽത്ത് കെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമായ പുരോഗതി കൈവരിച്ചുവെന്ന് മകൻ എസ്.പി.ചരൺ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളായി. സെപ്തംബർ ഏഴിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചതായി ചരൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എന്നാൽ ശ്വാസകോശ സംബന്ധമായ രോഗബാധകൾ കാരണം നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും ചരൺ വ്യക്തമാക്കി. അച്ഛന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ചരൺ ഈ മാസം 14ന് അറിയിച്ചിരുന്നു. 15 - 20 മിനിട്ട് വരെ അദ്ദേഹത്തിന് ഇരിക്കാൻ കഴിയുമെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നുമാണ് ചരൺ അന്ന് പറഞ്ഞത്. എന്നാൽ ആരാധകലോകത്തിന്റെയും സംഗീത പ്രേമികളുടെയും പ്രാർത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കിയാണ് എസ്.പി ബാലസുബ്രമണ്യം യാത്രയായത്.