dd

കണ്ണൂർ: സെൻട്രൽ ജയിൽ പരിസരത്തു വെച്ച് ഒരു കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ആവിക്കരയിലെ കെ. ആഷിഖ് (24), ഇർഷാദ് (21) എന്നിവരെയാണ് ടൗൺ സി.ഐ പ്രദീപൻ കണ്ണിപൊയിലും സംഘവും അറസ്റ്റുചെയ്തത്.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുസഹിതം രണ്ടുപേർ പിടിയിലായത്. കഞ്ചാവു കടത്താനുപയോഗിച്ച കാറും കാറിൽ നിന്നും 12500 രൂപയും മൂന്നു മൊബൈൽ ഫോണുകളും പൊലീസ് പിടികൂടി. വനിതാ സ്റ്റേഷൻ എസ്.എച്ച്.ഒ ലീലാമ്മ ഫിലിപ്പ്, കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായും കഞ്ചാവ് ജയിലിലെ തടവുകാർക്ക് കൈമാറാൻ എത്തിച്ചതാണെന്നും സംശയിക്കുന്നു.