തിരുവനന്തപുരം: വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ഉണ്ണിക്കൃഷ്ണനെ സമീപവാസിയായ ബി. രാജൻ പള്ളത്തുകടവിൽ വച്ച് കണ്ടിരുന്നു. പരിചയമില്ലാത്ത ബൈക്ക് ആറ്റിൻകരയിൽ ഇരിക്കുന്നത് കണ്ടാണ് രാജൻ ശ്രദ്ധിച്ചത്. ശബ്ദമുണ്ടാക്കിയപ്പോൾ ഉണ്ണിക്കൃഷ്ണൻ ആറ്റിൽ നിന്ന് കയറിവരുന്നത് കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ ചവർ കളയാൻ വന്നതാണെന്നും അതിനിടെ മണ്ണിടിഞ്ഞ് ആറ്റിൽ വീണതാണെന്നും ഇയാൾ രാജനോട് പറഞ്ഞു. ഉടൻ ഉണ്ണികൃഷ്ണൻ ബൈക്കുമായി മടങ്ങുകയും ചെയ്‌തു. മറ്റ് സംശയമൊന്നും തോന്നിയുമില്ല. പിന്നീട് രാത്രി 11ഓടെ പൊലീസ് സംഭവസ്ഥലത്തെത്തിയതിന് ശേഷമാണ് ഇയാൾ കുഞ്ഞിനെ പുഴയിലെറിഞ്ഞതായി മനസിലായത്. രാജൻ താൻ കണ്ടത് പൊലീസിനെ അറിയിക്കുകയും ചെയ്‌തു. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ബാസ്‌കറ്റിൽ നിറയെ തുണികൾക്ക് നടുവിൽ ചരിഞ്ഞ് കിടക്കുകയായിരുന്നു കുഞ്ഞ്.
ബാക്കിയാകുന്ന സംശയങ്ങൾ
സംഭവത്തിൽ വ്യക്തത വരുത്താൻ കുഞ്ഞിന്റെ മാതാവ് ചിഞ്ചു, ചിഞ്ചുവിന്റെ
മാതാപിതാക്കളുടെ മൊഴികൾ പൊലീസ് വിശദമായി എടുക്കുമ്പോഴും അന്വേഷണവുമായി ബന്ധപ്പെട്ട ചില പുകമറകൾ ബാക്കിയാകുന്നു. ചിഞ്ചുവിന്റെ ജീവിത പശ്ചാത്തലം, ഫേസ്ബുക്കിലൂടെ തന്നെ ചതിക്കുകയായിരുവെന്ന ഉണ്ണിക്കൃഷ്ണന്റെ മൊഴി, പാച്ചല്ലൂരിലെ വീടുമായി ചിഞ്ചുവിന് യാതൊരു അടുപ്പവും ഇല്ലാതിരുന്നിട്ടും നൂലുകെട്ട് ദിവസം കുഞ്ഞുമായി ഓട്ടോയിൽ മധുപാലത്ത് എത്തിയത് തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. മധുപാലത്തുവച്ച് കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ബാസ്‌കറ്റിൽ കിടത്തി ബൈക്കിന്റെ മുൻ ഭാഗത്ത് വച്ചുകൊടുത്തത് ചിഞ്ചുവാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.