life

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോൺഗ്രസ് എം.എൽ.എയുടെ പരാതിയിൽ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളിൽ ഏതന്വേഷണവുമാകാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരും എൽ.ഡി.എഫും സ്വീകരിച്ചിട്ടുള്ളതെങ്കിലും, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാവുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ അന്വേഷണമേറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐക്ക് അന്വേഷിക്കാം. ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തിൽ നടത്തിയ ഇടപെടൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രശ്നം സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യപ്രസ്താവന നടപ്പിലാക്കിയ മട്ടിൽ സി.ബി.ഐ പ്രവർത്തിച്ചത്, അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാവിലെ ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചതാണ് ,മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചത്. കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് ഏതറ്റം വരെ പോയെന്നതിന്റെ തെളിവാണിത്. അഖിലേന്ത്യാതലത്തിൽ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ സി.ബി.ഐയുടെ സ്തുതിപാഠകരാണ്. കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകൾ വർഷങ്ങളായിട്ടും സി.ബി.ഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണെന്ന് സി.പി.എം ആരോപിച്ചു.

സി.ബി.ഐ നീക്കത്തെ കരുതലോടെയാണ് സി.പി.എം കാണുന്നത്. നയതന്ത്ര പ്രോട്ടോകോൾ വിഷയമാണ് സി.ബി.ഐയുടെ അന്വേഷണപരിധിയിൽ വരുന്നത് എന്നിരിക്കെ, ലൈഫ് മിഷൻ അഴിമതിയാരോപണങ്ങളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണവുമായി അതിന് ബന്ധമില്ലെന്നാണ് നിലപാട്. സി.ബി.ഐയെ ഭയപ്പെട്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആക്ഷേപം കഴമ്പില്ലാത്തതാണെന്നും സി.പി.എം വിലയിരുത്തുന്നു.