spb

സംഗീതം മാത്രമായിരുന്നില്ല എസ്.പി.ബാലസുബ്രഹ്മണ്യം. നല്ല മനസുള്ള ഒരു വലിയ മനുഷ്യനായിരുന്നു. മറ്റ് സംഗീത സംവിധായകരെ ആരാധിക്കുകയും ബഹുമാനിക്കുകയും ഏറെ ബഹുമാനത്തോടെ സംസാരിക്കുകയും ചെയ്യുന്ന വലിയ മനുഷ്യൻ.

'ശിക്കാ‌‌ർ' എന്ന സിനിമയിൽ ഒരു തെലുങ്ക് പാട്ടുണ്ട്. അത് എസ്.പി.ബി സാറിനെ കൊണ്ട് പാടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. അദ്ദേഹം പാടാൻ വരാം എന്നു സമ്മതിച്ചു.

റിക്കാഡിംഗിന്റെ തലേനാൾ വൈകിട്ട് സെക്രട്ടറി വിളിച്ച് പറഞ്ഞു. ''എസ്.പി.ബി സാറിന് ആ പാട്ടൊന്നു കേൾക്കണം എന്നു പറഞ്ഞു. ' ഞാൻ ട്രാക്ക് അയച്ചുവെങ്കിലും. എന്റെ മനസിലെ ഈഗോ ഉണർന്നു. എന്തിനാണ് എസ്.പി.ബി സാർ ഇങ്ങനെ ചോദിക്കുന്നത്? എന്റെ പാട്ടിനെ വിലയിരുത്താനാണോ? അങ്ങനെ പാട്ടിനെ വിലയിരുത്തി എസ്.പി.ബി സാറിനെ കൊണ്ട് പാടിക്കേണ്ട ആവശ്യം ഉണ്ടോ? ഇങ്ങനെയൊക്കെ ചിന്തിച്ചു.

അടുത്ത ദിവസം രാവലെ അദ്ദേഹം സ്റ്റുഡിയോവിൽ എത്തി. അവിടെയൊരു ഷൂ റാക്ക് ഉണ്ട്. അവിടെ എല്ലാവരും ഷൂ അലസമായി എറിഞ്ഞിട്ടു പോകും. എസ്.പി.ബി എത്തി കുനിഞ്ഞ് ഷൂ ഊരി ശരിയായി വച്ചു.

'ജയചന്ദ്രൻ സാർ ഒരു സെക്കൻഡ്' എന്നു പറഞ്ഞ് എന്റെ കൈപിടിച്ച് അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. 'സാർ, ഇന്നലെ ഞാൻ ട്രാക്ക് ചോദിച്ചതിന് കാരണം ഈ എസ്.പി.ബി എന്ന എനിക്ക് ഇപ്പോൾ പാടുന്നതിന് ഒരുപാട് പരിമിതികളുണ്ട്. സാർ ചെയ്ത പാട്ടിന്റെ റെയിഞ്ച് ഞാൻ പാടിയാൽ ശരിയാകുമോ എന്നു മനസിലാക്കാൻവേണ്ടിയാണ് ആ ട്രാക്ക് ചോദിച്ചത് അതല്ലാതെ വേറൊന്നിനും അല്ല' എന്നു പറഞ്ഞു.

അപ്പോൾ ഞാൻ ഇല്ലാതായി. ഞാൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു വണങ്ങി. ഞാൻ പറഞ്ഞു ''എനിക്കു വലിയ തെറ്റു പറ്റി. ഇന്നലെ ഞാൻ എന്തെക്കെയോ ചിന്തിച്ചുകൂട്ടി. സാർ ഈ കാര്യം പറഞ്ഞപ്പോൾ എന്റെ ഈഗോ പോയി. ഇന്നു മുതൽ സാർ എന്റെ ഗുരുവാണ്. സംഗീതജ്ഞന് ഈഗോ പാടില്ലെന്ന് പഠിപ്പിച്ച ഗുരു.''

പിന്നെ, 'കിണർ' എന്ന സിനിമയ്ക്കു വേണ്ടി തമിഴും മലയാളവും ചേർന്ന പാട്ടിനു വേണ്ടി അദ്ദേഹത്തെ ക്ഷണിച്ചു. മലയാളം യേശുദാസ് സാറും തമിഴ് എസ്.പി.ബിയും പാടാനായിരുന്നു തീരുമാനിച്ചിരുന്നത്. എസ്.ബി.പി എത്തി മനോഹരമായി പാടി. അതിൽ പ്രയാസമുള്ള പോയിന്റ് ആദ്യം പാടാമെന്ന് പറഞ്ഞു. ആ'നോട്ട്' ആദ്യം പാടി. ഒറ്റ ടേക്കിൽ ശരിയി. ആ ചിരി ഇപ്പോഴും മനസിലുണ്ട്.

മുഹമ്മദ് റാഫി സാറിന്റേയും ദാസേട്ടന്റെയും വലിയൊരു അരാധകനായിരുന്നു. ഒരു വേദിയിൽ വച്ച് ദാസേട്ടന്റെ കാല് തൊട്ടു തൊഴുതു.

പലരീതിയിലും പാടും. മലരേ മൗനമാ....എന്ന മെലഡിയും രാക്കമ്മാ കൈയ്യ തട്ട് എന്ന അടിപൊളിയുമെല്ലാം. ബഹുമുഖ പ്രതിഭയായിരുന്നു. ഗായകൻ, സംഗീത സംവിധായകൻ, നടൻ. ‌ഡബ്ബിംഗ് ആർട്ടിസ്റ്ര് ഇതിനു പുറമെ ശബ്ദുനുകരണത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.