secretariat

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാട് അന്വേഷിക്കുന്ന വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ വകുപ്പിൽ പരിശോധന നടത്തി. വൈകിട്ട് ആറിന് തുടങ്ങിയ പരിശോധന ഏഴേമുക്കാൽവരെ നീണ്ടു. വടക്കാഞ്ചേരിയിലെ വിവാദ ഫ്ലാറ്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ചതായി വിജിലൻസ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടിയുടെ ഓഫീസിലായിരുന്നു പരിശോധന. അന്വേഷണ സംഘത്തിലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെക്രട്ടേറിയറ്റിലെത്തിയത്.

അഴിമതിയുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്താനാണ് വിജിലൻസിന് സർക്കാർ നൽകിയ നിർദ്ദേശം. രേഖകൾ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ലൈഫ് പദ്ധതിയിൽ നാലേകാൽ കോടിയുടെ കോഴ ഇടപാട് നടന്നതടക്കമുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി വിജിലൻസിന് അനുമതി നൽകിയിരുന്നു.

ലൈഫ് കോഴയിൽ സി.ബി.ഐ കേസെടുത്തതിന് പിന്നാലെ വിജിലൻസ് ഫയലുകൾ പിടിച്ചെടുത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ ഏറ്റെടുത്തിട്ടും കേസ് രേഖകൾ ക്രൈംബ്രാഞ്ച് കൈമാറാത്ത പശ്ചാത്തലത്തിലാണ് വിജിലൻസ് നടപടിയും സംശയനിഴലിലായത്.