തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് കൂടി പിടിക്കാനുള്ള തീരുമാനം തൽക്കാലം മാറ്റി വയ്ക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് നിർദ്ദേശിച്ചു.
ഭരണകക്ഷി സർവ്വീസ് സംഘടനകളിൽ നിന്നടക്കം എതിർപ്പുയർന്ന പശ്ചാത്തലത്തിൽ, എല്ലാ ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയാൽ മതിയെന്നാണ് തീരുമാനം. സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയവിവാദങ്ങൾ ഉയർത്തുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കാലത്ത് ജീവനക്കാരെക്കൂടി എതിരാക്കുന്നത് ഗുണമാകില്ലെന്ന് പാർട്ടി വിലയിരുത്തി.
ഈ മാസം എന്തായാലും സാലറി കട്ടുണ്ടാകില്ലെന്ന ഉറപ്പ് സർവ്വീസ് സംഘടനകൾക്ക് കൈമാറിയിട്ടുണ്ട്. കൂടിയാലോചിച്ച ശേഷമാവും തുടർനടപടി. ഇതിനായി ധനമന്ത്രി ജീവനക്കാരുടെ സംഘടനകളുമായി വീണ്ടും ചർച്ച നടത്തും.
. കഴിഞ്ഞ ഏപ്രിൽ മുതൽ ആറ് മാസം ആറ് ദിവസത്തെ വീതം ശമ്പളം ജീവനക്കാരിലും അദ്ധ്യാപകരിലും നിന്ന് ഈടാക്കിയിരുന്നു. ഇത് ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിൽ എതിർപ്പുകളുയർന്നതോടെ, ധനമന്ത്രി തോമസ് ഐസക് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. ശമ്പളം പിടിക്കുന്നതിന് മൂന്ന് നിർദ്ദേശങ്ങളും വച്ചു. ബി.ജെ.പി അനുകൂലസംഘടനകൾ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരഭീഷണി മുഴക്കി. യു.ഡി.എഫ് അനുകൂലസംഘടനകളും അനുകൂലനിലപാടിലല്ല. ജീവനക്കാരന് സൗകര്യപ്രദമായ തവണ തിരഞ്ഞെടുക്കാൻ അനുമതി വേണമെന്നാണ് അവരുടെ നിലപാട്. ഇതുവരെ പിടിച്ച ഒരു മാസത്തെ വേതനം ഉടൻ തിരികെ വേണമെന്ന് എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെടുന്നു. എങ്കിൽ അടുത്ത ആറ് മാസത്തെ ശമ്പളം ഇളവുകളോടെ പിടിക്കാമെന്നാണ് നിലപാട്. നേരത്തേ പിടിച്ച ഒരു മാസത്തെ ശമ്പളം ഒക്ടോബറിൽ നൽകണമെന്നും, പി.എഫ്, വായ്പാ തിരിച്ചടവ്, അഡ്വാൻസ് എന്നിവ അഞ്ച് മാസത്തേക്ക് ഒഴിവാക്കണമെന്നുമാണ് ജോയിന്റ് കൗൺസിലിന്റെ ആവശ്യം.