s

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിറങ്ങിയെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ. കേസിലെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഡയറി സി.ബി.ഐക്ക് കൈമാറും. ഇതിന്റെ ഭാഗമായി തെളിവെടുപ്പ് തുടരുകയാണ്. സി.ബി.ഐ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മാർഗനിർദേശപ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്.
കേസിന്റെ അന്താരാഷ്ട്ര ബന്ധം കൂടി പരിഗണിച്ചും വിവിധ കമ്പനികളിലൂടെ ഇവർ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ കണക്കിലെടുത്തുമാണ് അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന തീരുമാനത്തിലെത്തിയത്. ഹൈക്കോടതിയും ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ഇന്നലെ സർക്കാർ ഉത്തരവും ഇറങ്ങി.
കേസിലെ അഞ്ചാംപ്രതിക്കു കോവിഡ് ബാധിച്ചതിനാൽ റിമാൻഡിലുള്ള അഞ്ചുപേരെയും ഒന്നിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല. നിർണായകമായ പല വിവരങ്ങളും അഞ്ചുപേരെയും ഒന്നിച്ചു ചോദ്യം ചെയ്താൽ ലഭിക്കാമായിരുന്നു. കേസിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തണമോയെന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തു പണമിടപാട് നടന്നിട്ടുണ്ട്. ഇന്റർപോളിന്റെ സഹായം തേടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2000 കോടി രൂപയുടെ നിക്ഷേപതട്ടിപ്പാണ് കണ്ടെത്തിയത്.
പ്രതികൾ അറസ്റ്റിലാകുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന പണം അടക്കമുള്ളവ കൈമാറിയതു സംബന്ധിച്ച രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ എന്നിവർ പൊലീസിൽ കീഴടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നടത്തിയ ഈ സാമ്പത്തിക ഇടപാടുകൾ നിർണായകമാണ്.