1

പൂവാർ: കൊവിഡ് ഭീതിക്ക് പിന്നാതെ തീരത്ത് കുടിവെള്ളക്ഷാമവും പകർച്ചവ്യാധി ഭീഷണിയും. വീടുകളിൽ നിന്നുള്ള മാലിന്യം കൂടാതെ ശക്തമായ മഴയിൽ ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളുമാണ് പകർച്ചവ്യാധി ഭീഷണിക്ക് കാരണം. മഴ ലഭിച്ചിട്ടും തീരദേശവാസികൾ ശുദ്ധജലത്തിനായി പരക്കം പായുന്ന കാഴ്ചയാണ് ഇവിടെ. പൈപ്പ് പൊട്ടിയൊഴുകുന്നതും പ്രദേശവാസികളെ വലയ്‌ക്കുന്നുണ്ട്. കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും തിരക്കിലായതോടെ മഴക്കാല മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ പലയിടത്തും അവതാളത്തിലായി. ഇതാണ് പകർച്ചവ്യാധി ഭീഷണിയുണ്ടാകാൻ കാരണമായി നാട്ടുകാർ പറയുന്നത്. കടലിൽ നിന്ന് തിരയോടൊപ്പം വൻതോതിൽ മാലിന്യം കരയിൽ അടി‌ഞ്ഞുകൂടുന്നതും തീരത്തെ ആശങ്കയിലാക്കുന്നു. കരയ്‌ക്കടിയുന്ന ചത്ത ജീവികളെയും മത്സ്യങ്ങളെയും തെരുവ് നായ്ക്കളും കാക്കകളും ജനവാസമേഖലയിൽ കൊണ്ടിടുന്നതും പതിവാണ്.