പോത്തൻകോട്: ജില്ലയിലെ പ്രധാന ടൂറിസ്റ്ര് കേന്ദ്രമായ വെള്ളാണിക്കൽപാറയിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ ആലസ്യത്തിൽ. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലൂടെ ഇപ്പോൾ യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്. മൂന്നര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തൊണ്ണൂറുശതമാനവും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടു. സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്ത് പല സ്ഥലങ്ങളിലും ചെളിക്കുണ്ടും രൂപപ്പെടുന്നതിനാൽ ബൈക്ക് യാത്രികരാണ് ഏറെ വലയുന്നത്.
അരയടി മുതൽ ഒരടി വരെ ആഴമുള്ള ഗർത്തങ്ങൾ തിരിച്ചറിയാനാകാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കുഴിയിൽ വീഴാതെ ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴസമയത്ത് കാൽനട യാത്രപോലും ഇതുവഴി ദുഃസഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
നിർമ്മിച്ചിട്ട് 9 വർഷം
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 9 വർഷം മുൻപാണ് വെള്ളാണിക്കൽ കലുങ്ക് ജംഗ്‌ഷൻ - പത്തേക്കർ റോഡ് നിർമ്മിച്ചത്. 3.62 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ അടങ്കൽ തുക ഒരു കോടി 37 ലക്ഷം രൂപയായിരുന്നു. 2009 ജൂലായിൽ ആരംഭിച്ച നിർമ്മാണം 2011 ജൂണിലാണ് പൂർത്തീകരിച്ചത്. ഓട, പാർശ്വഭിത്തി, സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള പദ്ധതിയുടെ നിർമ്മാണ ചുമതല ജില്ലാ പഞ്ചായത്തിനായിരുന്നു.