road-issue

പേരൂർക്കട: കഴിഞ്ഞ രണ്ടു വർഷമായി അധികാരികൾക്ക് നൽകിവരുന്ന നിവേദനങ്ങൾ പഴങ്കഥയായത് ചരിത്രമാണ് നാലാഞ്ചിറ നിവാസികൾക്കും വഴിയാത്രക്കാർക്കും പറയാനുള്ളത്. നാലാഞ്ചിറയ്ക്കും ആനന്ദവല്ലീശ്വരം ക്ഷേത്രം റോഡിനും മദ്ധ്യേ ഫുട്പാത്തിനോട് ചേർന്നു കിടക്കുന്ന ഓടയുടെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് അപകടം സൃഷ്ടിക്കുന്നത്. ചിലയിടങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോൾ മറ്റു ചിലത് കമ്പികൾ പുറത്തേക്കു തള്ളിയ നിലയിലാണ്. ചില സ്ഥലങ്ങളിൽ ഓടയുടെ സ്ലാബുകൾ ഇളകി ഉള്ളിലേക്കു വീണു കിടക്കുന്നു. രാത്രികാലങ്ങളിൽ നിരവധി വഴിയാത്രികർക്കാണ് ഓടയ്ക്കുള്ളിൽ വീണു പരിക്കേറ്റത്. 2019 മാർച്ച് മാസത്തിലാണ് ഓടയുടെ വിഷയം സംബന്ധിച്ച് അധികാരികൾക്ക്ക് ആദ്യമായി പരാതി നൽകുന്നതെന്ന് പ്രദേശവാസി യും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ബി. സുഭാഷ് പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ ആയിരുന്ന കാലത്താണ് ഏറ്റവും അധികം പരാതികൾ ഇതുസംബന്ധിച്ച് നൽകിയത്. അതിനിടെ തന്നെ അശാസ്ത്രീയമായ നിർമ്മാണമാണ് സ്ലാബുകൾ പൊട്ടിപ്പൊളിയാനുംം സ്ഥാനം മാറാനും കാരണമെന്ന് ആരോപണമുയർന്നിരുന്നു. മൂടിയില്ലാത്ത ഓടകൾ സൃഷ്ടിക്കുന്ന അപകട ഭീഷണി സംബന്ധിച്ച് നിരത്ത് വിഭാഗത്തിന്റെ തിരുവനന്തപുരം പി.എം.ജി ഓഫീസിൽ വിവിധ റസി. അസോസിയേഷൻ ഭാരവാഹികളുടേത് ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിരുന്നു. ഉടൻ പരിഹാരം കാണാമെന്ന മറുപടി ലഭിച്ചതല്ലാതെ പ്രശ്നപരിഹാരം അനന്തമായി നീളുകയാണ്.