കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ പൈവേലിക്കോണം ഇടവഴിയിൽ വെള്ളക്കെട്ട്. വയോധികരും രോഗികളുമായ നിരവധി പേർ ആശ്രയിക്കുന്ന ഇടവഴിയിലൂടെ മഴയത്ത് നടക്കാൻ കഴിയാതെ പത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. സമീപ പ്രദേശങ്ങളിൽ കൂറ്റൻ കോൺക്രീറ്റ് മതിലുകൾ വന്നതോടെ വെള്ളം ഒഴുകി പോകാനിടമില്ലാതെ നൂറുമീറ്ററോളം നീളമുള്ള വഴിയിൽ കെട്ടികിടക്കുന്നതിനാൽ കാൽനടയാത്ര ദുഷ്കരമെന്നാണ് തദ്ദേശവാസികൾ പറയുന്നത്. ഇതു സംബന്ധിച്ച് പ്രദേശവാസിയായ സുരേന്ദ്രൻനായർ പലതവണ അധികാരികളെ കണ്ടെങ്കിലും നടപടിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് പരാതി.