health

ആമാശയത്തിന്റെയും കുടലുകളുടെയും ഉള്ളിലെ ആവരണത്തിലുണ്ടാകുന്ന മുറിവുകളാണ് അൾസർ. അത് ചില്ലറക്കാരനല്ല. എത്ര ആരോഗ്യമുള്ളവരെയും പിടികൂടാം. യഥാസമയം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ അൾസറിനെ അടക്കി നിറുത്താനാവും. അതുകൊണ്ടുതന്നെ അൾസറിനെക്കുറിച്ച് അറിയണം.

വയറിന്റെ മദ്ധ്യഭാഗത്ത് പൊക്കിളിനു മുകളിലായി എരിച്ചിലോടുകൂടിയ വേദനയാണ് പ്രധാന രോഗലക്ഷണം. ഓക്കാനിക്കാനും ഛർദ്ദിക്കാനുമൊക്കെ തോന്നുകയും ചെയ്യും. രോഗനിർണയത്തിന് എൻഡോസ്കോപ്പി പരിശോധന നടത്താം. ആമാശയത്തിലെ അൾസറുകളെ ഗാസ്ട്രിക് അൾസർ എന്ന് വിളിക്കും. ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവോഡിനത്തിൽ ഉണ്ടാകുന്ന അൾസറുകളാണ് ഡുവോഡിനൽ അൾസർ. രോഗലക്ഷണങ്ങൾ ഉള്ളവർക്കെല്ലാവർക്കും അൾസർ ഉണ്ടാകണമെന്നില്ല.

വേദനസംഹാരികളുടെ ഉപയോഗം കാരണവും അൾസൾ ഉണ്ടാകാം. എന്നാൽ, ഇതിന് വയറുവേദന ഉണ്ടാകണമെന്നില്ല.

 ബാക്ടീരിയ അപകടകാരി

ആമാശയത്തിൽ ഹെലികോബാക്ടർ പൈലോറി എന്ന ബാക്ടീരിയയാണ് വില്ലൻ. ആമാശയത്തിൽ ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാനപ്പെട്ട രോഗകാരണം. ഈ ബാക്ടീരിയ പിടികൂടുന്നതിനും കാരണമുണ്ട്. ശുചിത്വക്കുറവാണ് പ്രധാന പ്രശ്നക്കാരൻ. ശുദ്ധീകരിക്കാത്ത കുടിവെള്ളവും പാകം ചെയ്യാത്ത പച്ചക്കറികളും ഉപയോഗിക്കുന്നവരെയാണ് ഇത് ഏറെയും ബാധിക്കുന്നത്. മലിനജലം ബാക്ടീരിയയ്ക്ക് വളരാൻ അനുകൂല സാഹചര്യമുണ്ടാക്കും. രോഗനിർണയത്തിന് റാപ്പിഡ് യൂറിയാസ്ടെസ്റ്റ്, യൂറിയ ബ്രീത്ത്ടെസ്റ്റ് എന്നീ പരിശോധനകൾ നടത്താം.

 വേദനസംഹാരികളെ സൂക്ഷിക്കുക

ഹൃദ്രോഗങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും ചികിത്സയ്ക്ക് ആസ്പിരിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ഇത്തരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗം അൾസറിന് വഴിവച്ചേക്കാം. അതിനാൽ ഇത്തരം മരുന്നുകൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ശ്രദ്ധയോടെ ഉപയോഗിക്കണം.

 പുകവലിക്കാരെ കുഴപ്പിക്കും

ഹെലികോബാക്ടർ പൈലോറി അണുബാധ ഉള്ള രോഗിയിൽ പുകവലിയും മദ്യപാനവും അൾസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. പുകയിലയിലെ നിക്കോട്ടിൻ മൂലം ആമാശയത്തിലെ ആസിഡ് ഘടകങ്ങൾ ക്രമാതീതമായി കൂടും. ഇത് അൾസറിന് കാരണമാവും.

 മദ്യപാനവും എരിവും

അന്നനാളത്തിലെയും ആമാശയത്തിലെയും ശ്ളേഷ്മസ്തരത്തെ മദ്യപാനം തകരാറിലാക്കും. സ്ഥിരം മദ്യപാനികളിൽ ശ്ളേഷ്മ സ്തരത്തിൽ പെട്ടെന്നു കേടുബാധിച്ച് അൾസർ ഉണ്ടാകും. മദ്യപാനം മൂലം ആമാശയത്തിലെ ആസിഡ് ഉത്പാദനവും കൂടും. ഇതു കാരണവും അൾസർ ഉണ്ടാകാം. എരിവുള്ള ഭക്ഷണ സാധനങ്ങളുടെ അമിത ഉപയോഗവും മാനസിക പിരിമുറുക്കങ്ങളും അൾസറിനു വഴിതെളിക്കാം.

യഥാസമയം ചികിത്സിച്ചില്ലെങ്കിൽ

അൾസർ യഥാസമയം ചികിത്സിക്കണം. ഇല്ലെങ്കിൽ അത് രക്തസ്രാവത്തിന് ഇടയാക്കും. ഇത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കും. മലത്തിലൂടെയും മറ്റും രക്തം വരുമ്പോഴാകും ഇതു ശ്രദ്ധയിൽപ്പെടുക. പൈൽസ് ആണെന്നു കരുതി പലരും തുടക്കത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കും. വ്രണങ്ങൾ രൂക്ഷമായാൽ ആമാശയത്തിലോ കുടലിലോ ദ്വാരമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം എൻഡോസ്കോപ്പി ചെയ്യണം.

തടയാൻ ചില വഴികൾ

ജീവിതശൈലിയിലെ ചില നിയന്ത്രണങ്ങൾകൊണ്ട് അൾസറിനെ തടയാനാകും. മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക. വറുത്തതും പൊരിച്ചതും എരിവുള്ളതും മസാലകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിഞ്ഞും മരുന്നുകളോടൊപ്പവും ധാരാളം വെള്ളം കുടിക്കുക.