eco

കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരടു വിജ്ഞാപനത്തിനെതിരെ നാട്ടുകാർ രംഗത്ത്. ഒരു കിലോമീറ്റർ ചുറ്റളവിലാണ് പരിസ്ഥിതി ലോല പ്രദേശമായി കരടു വിജ്ഞാപനം ഇറക്കിയത്. കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് വിജ്ഞാപനത്തെ എതിർക്കാൻ തീരുമാനിച്ചത്. വിജ്ഞാപനത്തെ എതിർത്ത് കേന്ദ്ര സർക്കാരിനെ പ്രതിഷേധമറിയിക്കാനും യോഗം തീരുമാനിച്ചു. വിജ്ഞാപനത്തിനെതിരെ എതിർപ്പറിയിക്കാനുള്ള സമയ പരിധിക്കുള്ളിൽ കർഷകർ നേരിട്ടും വിവിധ സംഘടനകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തുകളയയ്ക്കും. നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.ഗ്രാമസഭകൾ ചേർന്ന് വിജ്ഞാപനത്തിനെതിരെ പ്രതിഷേധമറിയിക്കും.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ഉഷ അശോക് കുമാർ, മാത്യുപറമ്പൻ, ഫാ. ബാബു മാപ്ലശ്ശേരി, പി.സി. രാമകൃഷ്ണൻ, കെ.എ ജോസ്, എം.വി. ചാക്കോ, ജോണി ആമക്കാട്ട്, ഫാ. ജോയ് തുരുത്തേൽ, ജിൽസ് എം. മേക്കൽ, പി.ആർ ലാലു, രാമൻ ഇടമന, ടി.പി ഷാജി, കൊട്ടിയൂർ ശശി, സി.കെ. വിനോദ്, പി.എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.