തിരുവനന്തപുരം: സി.ബി.ഐ അന്വേഷണ തീരുമാനത്തിന് പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ സെക്രട്ടേറിയറ്റിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തതിൽ ദുരൂഹതയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും നീളുമെന്ന് മുൻകൂട്ടി കണ്ടാണ് തെളിവുകൾ നശിപ്പിക്കലിന്റെ ഭാഗമായി ഫയലുകൾ വിജിലൻസ് കടത്തിയതെന്ന് സംശയിക്കുന്നു. അധികാരത്തിൽ തുടരാനുള്ള യോഗ്യത മുഖ്യമന്ത്രിക്ക് നഷ്ടമായി. കുറ്റവാളികളുടെയും കുറ്റവാളികളെ തിരയുന്ന കേന്ദ്ര ഏജൻസികളുടെയും തലസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രിയുടെ തടവറയിലാണ് സി.പി.എം നേതാക്കൾ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ സി.പി.എം അണികൾ ജീവൻ കൊടുത്ത് പടുത്തുയർത്തിയ പ്രസ്ഥാനത്തെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് ആറടി മണ്ണിൽ കുഴിച്ചുമൂടും. സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ മകനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത് അതീവഗൗരവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.