നെടുമങ്ങാട്: ശതാബ്ദി ആഘോഷിക്കുന്ന നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഐ.സി യൂണിറ്റ്, പുതിയ വാർഡ്, പുതിയ ഓഫീസ് ബ്ലോക്ക്, നവീകരിച്ച കൊട്ടാരം വാർഡ്, പാലിയേറ്റിവ് വാർഡ് എന്നിവയുടെ ഉദ്‌ഘാടനവും ജില്ലാപഞ്ചായത്ത് നിർമ്മിക്കുന്ന ശതാബ്ദി സ്മാരക മന്ദിരം, എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന മന്ദിരം എന്നിവയുടെ ശിലാസ്ഥാപനവും ആരോഗ്യ പ്രവർത്തകർക്ക് ആദരവും 29ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. 12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. ശതാബ്ദി ആഘോഷവും ഐ.സി യൂണിറ്റും മന്ത്രി കെ.കെ. ശൈലജയും ശതാബ്ദി സ്മാരക മന്ദിര ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർവഹിക്കും. അടൂർ പ്രകാശ് എം.പി, സി. ദിവാകരൻ എം.എൽ.എ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം എന്നിവർ പങ്കെടുക്കും. ജില്ലാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ഷിനു കെ.എസ്, ഡോ. അരുൺ പി.വി. എന്നിവർ മുഖ്യാതിഥികളാവും. ആനാട് ജയൻ, ആർ.ജയദേവൻ, വി.വിജുമോഹൻ, മായാദേവി, എസ്.എം. റാസി, ശോഭകുമാർ, ഉഷാകുമാരി തുടങ്ങിയവർ ആശംസ അർപ്പിക്കും.ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.