തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയെ ശുദ്ധീകരിക്കാൻ കേന്ദ്ര നിയമപ്രകാരം രൂപീകരിച്ച കേരള റിയൽ എസ്റ്റേറ്റ് അതോറിട്ടിക്ക് (റെറ) ഒൻപത് മാസം പിന്നിടുമ്പോഴും പൂർണരൂപമില്ല. അതേസമയം, അതോറിട്ടിയുടെ തീരുമാനങ്ങൾക്കുമേൽ അപ്പീൽ നൽകാനുള്ള അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരണം പൂർത്തിയായിട്ടുണ്ട്. ഹൈക്കോടതി റിട്ട.ജസ്റ്റിസ് പി.ഉബൈദ് ചെയർമാനായ ട്രൈബ്യൂണലിൽ മുൻ അഡീ.ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, നിയമസഭാ മുൻ സെക്രട്ടറി ബാബുപ്രകാശ് എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തതോടെയാണ് ട്രൈബ്യൂണൽ പ്രവർത്തന സജ്ജമായത്. എന്നാൽ അതോറിട്ടിയുടെ സ്ഥിതി മറ്റൊന്നാണ്. ചെയർമാനും രണ്ടംഗങ്ങളും ഉൾപ്പെടേണ്ട സമിതിയിൽ ഒരംഗമില്ലാത്തതെയാണ് പ്രവർത്തനം. ആക്ട് അനുസരിച്ചുള്ള രൂപീകരണം നടക്കാത്തതിനാൽ ഈ ഘട്ടത്തിലെടുക്കുന്ന തീരുമാനങ്ങൾക്ക് നിയമസാധുതയില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ജനുവരി ഒന്നിന് അതോറിട്ടി നിലവിൽ വന്നതിന് പിന്നാലെ കോട്ടയത്തെ ഒരു കെട്ടിടനിർമാതാവിനെതിരെ പിഴചുമത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
രണ്ട് വർഷം, മൂന്ന് സമിതികൾ
രണ്ട് വർഷത്തിനിടെ മൂന്നു സമിതികളെയാണ് രൂപീകരണത്തിനായി നിയോഗിച്ചത്. ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനും നിയമ, ഹൗസിംഗ് സെക്രട്ടറിമാരുമാണ് സമിതി അംഗങ്ങൾ. 2018ൽ നിയോഗിച്ച ആദ്യസമിതി കണ്ടെത്തിയ അംഗങ്ങളിലൊരാളായ മാത്യു. സി. ഫ്രാൻസിസ് ചുമതലയേൽക്കാതെ പിൻമാറിയതോടെയാണ് രൂപീകരിച്ചെങ്കിലും ഫലത്തിൽ റെറയ്ക്ക് രൂപമില്ലാതായത്. 2016ൽ കേന്ദ്ര നിയമം വന്നെങ്കിലും തുടക്കംമുതൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് മെല്ലപ്പോക്കാണ്. ഒടുവിൽ മരടിൽ ഫ്‌ളാറ്റ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് സർക്കാർ അതോറിട്ടി തട്ടിക്കൂട്ടിയത്.
2018 ഫെബ്രുവരിയിലാണ് നിയമനങ്ങൾക്കായി ആദ്യ സമിതി രൂപീകരിച്ചത്. നടപടികൾ പൂർത്തിയാക്കി 2019 മാർച്ചിൽ യോഗ്യരായവരുടെ പട്ടിക സർക്കാരിന് നൽകി. ഒക്ടോബറിൽ മുൻ അഡി.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ ചെയർമാനായും അഭിഭാഷക പ്രീത.പി.നായർ, പി.ഡബ്ലിയു.ഡി മുൻ ചീഫ്എൻജിനിയർ മാത്യു.സി.ഫ്രാൻസിസ് എന്നിവരെ അംഗങ്ങളായി നിയമിച്ചു. ഒക്ടോബർ അവസാനം മാത്യു ഫ്രാൻസിസ് ചുമതലയേൽക്കാതെ പിൻമാറി. സ്ഥാനത്തേക്ക് താൻ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിൻമാറ്റം. 2019ഡിസംബറിൽ ഒഴിവുള്ള സ്ഥാനത്തേക്ക് ആളെ കണ്ടെത്താൻ പുതിയ സമിതിയെ നിയോഗിച്ചു. 2020ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിച്ചു. മേയ് മാസത്തിൽ സമിതി അദ്ധ്യക്ഷനായ ജഡ്ജി വിരമിച്ചു, സമിതിയുടെ കലാവധി അവസാനിച്ചു. ജൂലായ് ആദ്യവാരം മറ്റൊരു ജഡ്ജി അദ്ധ്യക്ഷനായ മൂന്നാം സമിതി രൂപീകരിച്ചു. ഫെബ്രുവരിയിൽ അപേക്ഷ സ്വീകരിച്ചെങ്കിലും തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം, അനർഹനെ തിരുകിക്കയറ്റാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതാണ് കാലതാമസത്തിന് കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
യോഗ്യത
റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ്, അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തികശാസ്ത്രം, ഹൗസിംഗ്, നഗരവികസനം, പ്ലാനിംഗ്, നിയമം, കോമേഴ്‌സ്, അക്കൗണ്ടൻസി, ഇൻഡസ്ട്രി, മാനേജ്‌മെന്റ്, സാമൂഹ്യ സേവനം, പബ്ലിക് അഫയേഴ്‌സ്, അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ മേഖലകളിൽ 15വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദഗ്ദ്ധരെ അംഗങ്ങളായി നിയമിക്കണമെന്നാണ് കേന്ദ്ര റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ആക്ട് സെക്ഷൻ 22ൽ പറയുന്നത്. അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ സർക്കാർ സർവീസിൽ സേവനുഷ്ടിക്കുന്നവരോ വിരമിച്ചവരോ ആണെങ്കിൽ ഗവ.സെക്രട്ടറി റാങ്കിൽ കുറഞ്ഞ ഉദ്യോഗസ്ഥനാകാൻ പാടില്ലെന്നും ആക്ടിൽ വ്യക്തമാക്കുന്നുണ്ട്.
പരാതിയുയർന്ന ആദ്യ പട്ടിക
ആദ്യഘട്ടത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത 24പേരിൽ നിന്ന് നാലു പേരുടെ പട്ടികയാണ് സർക്കാരിന് കൈമാറിയത്. ബി.എസ്.എൻ.എൽ ചീഫ് എൻജിനിയർ ആയിരുന്ന എം.സുധീന്ദ്രൻ, ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ടി.കെ.രാജ്‌മോഹൻ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ ആയിരുന്ന മാത്യു സി.ഫ്രാൻസിസ്, അഭിഭാഷകയായ പ്രീത പി.മേനോൻ എന്നിവരായിരുന്നു പട്ടികയിൽ. സർക്കാർ സർവീസിലുള്ളവരോ വിരമിച്ചവരോ ആണെങ്കിൽ ഗവ.സെക്രട്ടറി റാങ്കിൽ കുറയാതെ സേവനമനുഷ്ഠിച്ചാലേ അതോറിട്ടി അംഗമാകാനാവൂ. ഇതനുസരിച്ച് ആദ്യ മൂന്നു പേരും അയോഗ്യരാണെന്നാണ് ആക്ഷേപം. പട്ടികയിൽ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കേണ്ടതുകൊണ്ട് മാത്യു ഫ്രാൻസിസിനെയും പ്രീത പി.മേനോനെയും സർക്കാർ നിയമിച്ചു. എന്നാൽ, യോഗ്യനല്ലെന്നു പറഞ്ഞ് മാത്യു ഫ്രാൻസിസ് സ്വയം പിൻമാറി. ചുമതലയേറ്റ പ്രീത പി.മേനോന്റെ യോഗ്യത സംബന്ധിച്ച് പരാതിയുയരുകയും ചെയ്തു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.