kovalam

കോവളം: കലിയളകി നിൽക്കുന്ന കടലിനെയും വകവയ്ക്കാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. അദാനി തുറമുഖ കമ്പനിയുടെ മറൈൻ സാങ്കേതിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുലിമുട്ട് നിർമാണം പുരോഗമിക്കുന്നത്. 3.1 കിലോമീറ്റർ ദൂരത്തിലാണ് വിഴിഞ്ഞത്ത് പുലിമുട്ട് നിർമാണം നടക്കുന്നത് .70 ലക്ഷം ടൺ കല്ലുകളാണ് നിർമ്മാണത്തിന് വേണ്ടത്.25 മുതൽ 30 മീറ്റർ വരെ ആഴമുളള ഭാഗത്താണ് ഇപ്പോഴത്തെ നിർമ്മാണം പുരോഗമിക്കുന്നത്. കോട്ടപ്പുറം കരിമ്പളളിക്കര ഭാഗത്ത് നിന്ന് നിർമ്മാണം തുടങ്ങിയ പുലിമുട്ട് 750 മീറ്റർ പിന്നിട്ടു. ജെട്ടിയിലേക്ക് മദർഷിപ്പ് അടുക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയേറിയ തിരമാലകളെ പ്രതിരോധിക്കാനാണ് പുലിമുട്ടിന്റെ തുടർനിർമാണം നടത്തുക. മൂന്ന് വർഷം മുൻപാണ് ഇവിടെ പുലിമുട്ട് നി‌ർമാണം ആരംഭിച്ചത്.

പലപ്പോഴായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനം കാരണം അതിശക്തമായ കടലേറ്റത്തിൽ പലപ്പോഴും പുലിമുട്ടിന്റെ നിർമ്മാണം തടസപ്പെട്ടിരുന്നു. കൂടാതെ സമയബന്ധിതമായി നിർമാണത്തിനുളള കല്ലുകൾ ലഭിക്കാത്തതും പദ്ധതിയെ വൈകിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 21 മുതൽ ഏപ്രിൽ 25 വരെ താത്കാലികമായി പണികൾ നിറുത്തിവച്ചിരുന്നു. തുടർന്ന് ഏപ്രിൽ 26 മുതൽ പുലിമുട്ടിന്റെ നിർമ്മാണം പുനഃരാരംഭിച്ചു. പുലിമുട്ടിന്റെ ബാക്കിയുള്ള ഭാഗത്തിന്റെ നിർമാണത്തിനായി ഒരു ടൺ മുതൽ അഞ്ച് ടൺ വരെയുളള കൂറ്റൻ പാറക്കല്ലുകളും പദ്ധതി പ്രദേശത്ത് എത്തിക്കുന്നത് തുടരുകയാണ്. തിരുവനന്തപുരം,കൊല്ലം,തമിഴ്നാട് അടക്കമുളള സ്ഥലങ്ങളിൽ നിന്നാണ് കല്ലുകളെത്തിക്കുന്നത്.

300 ഓളം ട്രക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിർമാണത്തിന് പ്രതിദിനം 5000 ടൺ കല്ലുകൾ വേണം. ഒക്ടോബർ മുതൽ ഒരു ദിവസം 400 ട്രക്കുകളിൽ കല്ലെത്തിക്കുന്നതിനുളള സംവിധാനമാണ് സജ്ജമാക്കുക. കഴിഞ്ഞ ആഴ്ച അതിശക്തമായ കടലേറ്റത്തിൽ പുലിമുട്ടിൽ സ്ഥാപിച്ചിരുന്ന അടുക്കുകളിൽ നിന്ന് കല്ലുകൾ സ്ഥാനം തെറ്റിയിരുന്നു. ഇവയെല്ലാം യന്ത്രസഹായത്തോടെ പുനഃസ്ഥാപിച്ചു. അതിവേഗം പുലിമുട്ട് പൂർത്തിയാക്കാനുളള ശ്രമത്തിലാണ് അദാനി തുറമുഖ കമ്പനി അധികൃതർ.

 അത്യാധുനിക സൗകര്യമുളള കെട്ടിടം തയ്യാർ

വിഴിഞ്ഞം പോർട്ട് പദ്ധതി യാഥാർത്ഥ്യമാക്കാൻ പോർട്ട് ഓപ്പറേഷൻ പ്രവർത്തനങ്ങൾക്കായി നിർമിച്ച നാലുനില കെട്ടിടത്തിന്റെയും കൺട്രോൾ ടവറിന്റെയും ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 3ന് മന്ത്രി കടകംപള്ളി സരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ നഗരത്തിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ ഫിനാൻസ്, അഡ്മിൻ, പ്രോജക്ട് എന്നീ പ്രധാന വിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇവിടെയാകും പ്രവർത്തിക്കുക. പ്രവർത്തനങ്ങളെ ഇത് കൂടുതൽ
ഏകോപിപ്പിക്കുന്നതിന് സഹായിക്കും

 കടലിന്റെ അടിത്തട്ടിൽ 50 മുതൽ 80 മീറ്റർ വീതിവരെ വിവിധ വലിപ്പത്തിലുള്ള കല്ലുകൾ അടുക്കി മുകൾ ഭാഗത്തെത്തുമ്പോൾ പത്ത് മീറ്റർ വീതിവരുന്ന രീതിയിലാണ് കല്ലുകൾ പാകി പുലിമുട്ട് നിർമ്മിക്കുന്നത്.