ആറ്റിങ്ങൽ: നഗരസഭയിലെ 4, 15, 16 വാർഡുകളിൽ കഴിഞ്ഞ ദിവസം കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ കരുതൽ വേണമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. കൊവിഡ് കൂടുതലുള്ള സമീപ പഞ്ചായത്തുകളിൽ നിന്നും ആറ്റിങ്ങലേയ്ക്ക് രോഗ വ്യാപകർ എത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരുടെ ഉറവിടം കണ്ടെത്താനാവുന്നില്ല എന്നതാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വലയ്ക്കുന്നത്. കൂടാതെ ഇപ്പോൾ ജനം പഴയപോലെ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കൃത്യമായി പാലിക്കുന്നുമില്ല. ഇത് ആറ്റിങ്ങലിൽ രോഗ വ്യാപനം കൂടാൻ ഇടയാക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ എന്നും ചെയർമാൻ പറഞ്ഞു.