പഴയങ്ങാടി (കണ്ണൂർ): കണ്ണപുരത്തെ സജീവ സി.പി.എം പ്രവർത്തകനും ഡി.വൈ എഫ് ഐ മേഖല കമ്മിറ്റി അംഗവുമായ ആദർശിന്റ വീടിനു നേരെ അക്രമം. ചുമരിൽ ചുവന്ന മഷിയിൽ നിന്റെ നാളുകൾ 2 എന്ന് എഴുതുകയും വീടിന് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ നശിപ്പിച്ച നിലയിലുമാണ്.
കഴിഞ്ഞദിവസം വൈകുന്നേരം ആദർശും സുഹൃത്തും വീട്ടിലേക്കുവരുമ്പോൾ കാറിൽ പിന്തുടർന്ന ഒരു സംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കണ്ണപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയന്നുണ്ട്. രാത്രി കാലങ്ങളിൽ പുറമേ നിന്ന് ചില സംഘങ്ങൾ എത്തുകയും ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി സി.പി.എം പ്രവർത്തകർ പറയുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി.പ്രവർത്തകർ ആദർശിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കണ്ണപുരം എസ്.ഐ കെ.ഷാജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.