കോവളം: സമൂഹത്തിന് നന്മകൾ ചെയ്യാൻ ഗുരുദേവ സന്ദേശങ്ങൾ മാതൃകയാണെന്നും വളർന്നുവരുന്ന തലമുറ സാമൂഹിക പ്രതിബദ്ധത കൈവെടിയരുതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ, യൂത്ത്മൂവ്മെന്റ്, സൈബർസേന എന്നിവ സംയുക്തമായി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഗുരു വചനങ്ങൾ യാഥാർത്ഥ്യമാകുകയാണെന്ന സത്യം നാം തിരിച്ചറിയണം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ളവർക്ക് ഗുരുദേവ സന്ദേശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും ഉന്നത ക്ലാസുകളിലും ഇത് കൊണ്ടുവരണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഴമുട്ടം യൂണിയൻ ഓഫീസ് ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ പഠനോപകരണങ്ങളുടെ വിതരണം എം വിൻസന്റ് എം.എൽ.എ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് എസ്.മോഹനകുമാറിനെ പൊന്നാടയണിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ഗീതാമധു, സിന്ധു സുശീലൻ, കോളിയൂർ ലീല, യൂണിയൻ ഭാരവാഹികളായ കരുങ്കുളം പ്രസാദ്, വേങ്ങപ്പാറ സനിൽ, മണ്ണിൽ മനോഹരൻ, മംഗലത്തുകോണം ആർ.തുളസീധരൻ, ഡോ. നന്ദകുമാർ,സി. ഷാജിമോൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി ദീപു അരുമാനൂർ, ട്രഷറർ സുജിത്ത് വാഴമുട്ടം, സൈബർ സേന ചെയർമാൻ കണ്ണങ്കോട് സുരേഷ്, കൺവീനർ വരുൺ കൃഷ്ണൻ, കമ്മിറ്റി ഭാരവാഹികളായ ഷിബു വെങ്ങപ്പറ്റ, കട്ടച്ചൽക്കുഴി ശ്രീകുമാർ, മനു പനപഴിഞ്ഞി, രാജേഷ് കണ്ണങ്കോട് ,വിഥിൻ പെരിങ്ങമല, വിഷ്ണു, പുന്നമൂട്, സൈബർ സേന കമ്മിറ്റിയംഗങ്ങളായ ദിലീപ് മുല്ലൂർ, ചന്ദ്രശേഖരൻ, സജീവ് തുടങ്ങിയവർ പങ്കെടുത്തു.