വർക്കല: ഗ്രാമപഞ്ചായത്തുകളിൽ ഇ- ഗവേണൻസ് നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ 10.30ന് മുഖ്യമന്ത്റി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്റി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പദ്ധതി ആദ്യമായി നടപ്പാക്കുന്നതിന് തിരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഇതിനകം ട്രയൽ വിജയകരമായി പൂർത്തിയാക്കി. തുടർന്ന് മറ്റു 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്റി നിർവഹിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സേവനങ്ങളും ഇനി ഒറ്റ പ്ലാറ്റ്ഫാമിലാവും. ഇന്റഗ്രേറ്ററ്റ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സൊല്യൂഷൻസ് (ഐ എൽ ജി എം എസ്) എന്ന പുതിയ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെയാണ് ഇത് നടപ്പാകുന്നത്.
ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. വി.ജോയി എം.എൽ.എ, അടൂർപ്രകാശ് എം.പി, പഞ്ചായത്ത് ഡയറക്ടർ ഡോ. ജയശ്രീ, ഐ.കെ.എം ഡയറക്ടർ ഡോ. ചിത്ര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം എന്നിവർ പങ്കെടുക്കും.