തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കും. ഒക്‌ടോബർ ആറുവരെയാണ് നറുക്കെടുപ്പ്. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് 28മുതൽ ഒക്‌ടോബർ 1വരെ നടക്കും. ഒക്‌ടോബർ 5നാണ് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ്. കോഴിക്കോട്,കണ്ണൂർ കോർപ്പറേഷനുകളിലെ നറുക്കെടുപ്പ് നാളെ നടക്കും. കൊച്ചി,തൃശ്ശൂർ കോർപ്പറേഷനുകൾക്ക് ഈ മാസം 30നും, തിരുവനന്തപുരം,കൊല്ലം കോർപ്പറേഷനുകൾക്ക് അടുത്തമാസം ആറിനുമാണ് നറുക്കെടുപ്പ്. സ്ത്രീ,പട്ടികജാതി സ്ത്രീ,പട്ടികവർഗ സ്ത്രീ,പട്ടികജാതി,പട്ടികവർഗം എന്നീ അഞ്ച് വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിക്കുന്നത്. സ്ത്രീകൾക്കുളള സംവരണവാർഡുകളാണ് ആദ്യം നിശ്ചയിക്കുക. 2015ലെ ജനറൽവാർഡുകളെല്ലാം സ്ത്രീകൾക്കായി സംവരണം ചെയ്യും. ആകെ വാർഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഒരു സ്ത്രീ സംവരണ വാർഡിന് നറുക്കെടുപ്പ് നടക്കും. സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന വാർഡുകളിൽ നിന്നാണ് പട്ടികജാതി സ്ത്രീ,പട്ടികവർഗ സ്ത്രീ എന്നിവർക്കുളള വാർഡുകൾ കണ്ടെത്തുന്നത്. ജനറൽ വാർഡുകളിൽ നിന്നാണ് പട്ടികജാതി,പട്ടികവർഗ സംവരണ വാർഡുകൾ നറുക്കെടുക.