കൊച്ചി: കൊച്ചി കോർപ്പറേഷനിലെ കാര്യങ്ങളെല്ലാം അവതാളത്തിലാണ്. പൂർണ ചുമതലയുള്ള സ്ഥിരം സെക്രട്ടറി ഇല്ലാതായിട്ട് 14 മാസമായി. ഫയലുകളെല്ലാം കെട്ടികിടക്കുന്നു. സ്ഥിരം സെക്രട്ടറി ഇല്ലാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ആവശ്യ സമയത്ത് സെക്രട്ടറിയുടെ സേവനം ലഭിക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു.

കൊവിഡ് പ്രതിരോധം,വികസന പ്രവർത്തനങ്ങളിലെല്ലാം സ്ഥിരം സെക്രട്ടറി ഇല്ലാത്തതിന്റെ പ്രതിസന്ധി രൂക്ഷമാവുകയാണ്.

പല സമയത്തും റീജിയണൽ ജോയിന്റ് ഡയറക്ടർക്കും അഡീഷണൽ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിയുടെ അധിക ചുമതല നൽകുകയാണ് ചെയ്യുന്നത്.

നിലവിൽ റീജിയണൽ ജോയിന്റ് ഡയറക്ടർ കെ.പി വിനയനാണ് അധിക ചുമതല. എന്നാൽ തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളുടെ മേൽനോട്ടമുള്ളതിനാൽ പൂർണ ചുമതല നൽകിയിട്ടില്ല. പല ഫയലുകളും ഒപ്പുവെക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ. ദൈനം ദിന കാര്യങ്ങൾ പോലും നടക്കാത്ത അവസ്ഥയാണ് കോർപ്പറേഷനിൽ.

ഒപ്പിടാതെ ചെക്കുകൾ

കോർപ്പറേഷൻ കരാറുകാർക്ക് കൊടുക്കാൻ തീരുമാനിച്ച പണത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിഴലിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ടവർ ചെക്ക് ഒപ്പിടാത്തത് കരാറുകാരുടെ പ്രതിഷേധത്തിനും ഇടയാക്കുന്നു.

അഡീഷണൽ സെക്രട്ടറി രണ്ട് മാസത്തിനുള്ളിൽ വിരമിക്കുന്നതിനാൽ പൂർണ്ണ ചുമതല നൽകിയിട്ടില്ല. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ചെക്കുകളിൽ ഒപ്പിടാൻ അഡീഷണൽ സെക്രട്ടറിക്കും സാധിക്കില്ല.

"വാർഷിക പദ്ധതികൾ ഉൾപ്പെടെ പല പദ്ധതികളും സമയബന്ധിതമായി പൂർത്തികരിക്കേണ്ടതിനാൽ പൂർണ സമയ സെക്രട്ടറിയെ നിയമിക്കേണ്ടത് അനിവാര്യമാണ്. മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും, പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല."

കെ.ആർ പ്രേംകുമാർ

ഡെപ്യൂട്ടി മേയർ