general

 പരിശോധനയിൽ കുഞ്ഞിന് കൊവിഡ്

ബാലരാമപുരം: ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ഒന്നരവയസുകാരി ബൈക്കിടിച്ച് മരിച്ചു. കാവിൻപുറം വൈഷ്ണവത്തിൽ രതീഷ് - ആര്യ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിയോടെ കാവിൻപുറം ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നക്ഷത്ര ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട് പുറത്തേക്ക് പോവുകയായിരുന്നു. റോഡിലേക്ക് പോകവേ ബൈക്ക് വന്നിടിച്ച് ഗുരുതരമായി പരിക്കേറ്റു. ആംബുലൻസിൽ അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു. ഇതിനിടെ നടത്തിയ പരിശോധനയിൽ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. നക്ഷത്രയുടെ അപ്പൂപ്പൻ രാമപുരം അന്തിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയരംഗനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കാശിനാഥാണ് നക്ഷത്രയുടെ സഹോദരൻ. വീടിന് സമീപത്ത് റേഷൻ വ്യാപാരം നടത്തുകയാണ് രതീഷ്. നക്ഷത്രയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.