മലയിൻകീഴ്: മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിൽ സ്വകാര്യ സ്കൂളിന് സമീപത്തെ കൊടുംവളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. മലയിൻകീഴ് ഭാഗത്തു നിന്ന് വരികയായിരുന്ന ബാലരാമപുരം സ്വദേശിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഊരൂട്ടമ്പലം ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയിൻകീഴ് ഭാഗത്തു നിന്ന് വന്ന ബൈക്ക് യാത്രികനായ ബാലരാമപുരം സ്വദേശിയുടെ പരിക്ക് അതീവ ഗുരുതരമാണ്. രണ്ട് വർഷത്തിനിടെ 5 പേരുടെ ജീവൻ ഈ സ്ഥലത്ത് പൊലിഞ്ഞിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലിവർ കമ്പനി ജീവനക്കാരനായ യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.