തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ സ്‌കൂളുകളിൽ ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയം വേണമെന്ന് വ്യക്തമാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകി.
കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്താണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ശുപാർശ സമർപ്പിച്ചത്. ഡിജിറ്റൽ/ ഓൺലൈൻ പഠനത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും സംശയങ്ങളും അദ്ധ്യാപകർ വഴി പരിഹരിക്കുന്നതിനായാണ് ഇത്. ആദ്യഘട്ടത്തിൽ 10, 12 ക്ലാസിലെ ഓരോ കുട്ടിയെയും ക്ലാസ് ടീച്ചർമാർ നിശ്ചിത ഇടവേള നൽകി സ്‌കൂളിൽ നേരിട്ട് കാണണം. രണ്ടാം ഘട്ടത്തിൽ മറ്റ് ക്ലാസുകാർക്കും ഇത്തരത്തിൽ എത്താം.
ഫസ്റ്റ് ബെല്ലിന് പുറമെ ഓൺലൈൻ രീതിയിലും നേരിട്ടും അധിക പഠന സൗകര്യം ഒരുക്കാമെന്ന് നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ പഠനത്തിനായി ഗൂഗിളിന്റെ 'ജിസ്യൂട്ട് ഫോർ എജ്യക്കേഷൻ' പ്ലാറ്റ്‌ഫോം നൽകാൻ ഗൂഗിൾ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും കുട്ടികളുമായി ഓൺലൈനിൽ സംവദിക്കാം. ഇതിനാവശ്യമായ പരിശീലനം മുഴുവൻ അദ്ധ്യാപകർക്കും ഓൺലൈനായി നൽകാം. ഓൺലൈൻ ക്ലാസുകൾ പരമാവധി രണ്ട് മണിക്കൂറായി നിജപ്പെടുത്തി സ്‌കൂൾ തലത്തിൽ ടൈംടേബിൾ തയാറാക്കാം.
സ്കൂളുകളിലെത്തേണ്ടത് ബാച്ചുകളായി
ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ വിവിധ ബാച്ചുകളായി സ്‌കൂളിൽ എത്തിച്ച് സംശയനിവാരണത്തിന് അവസരമൊരുക്കാം. സ്‌കൂൾ ദൂരെയുള്ള കുട്ടികൾക്ക് തൊട്ടടുത്ത പ്രൈമറി സ്‌കൂൾ/ അംഗൻവാടി എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ബി.ആർ.സി തുടങ്ങിയവയുടെ സഹായത്തോടെ സൗകര്യം ഏർപ്പെടുത്താം. സെപ്തംബറിനുള്ളിൽ പഠിപ്പിച്ചുതീരേണ്ട പാഠഭാഗങ്ങൾ നവംബർ പകുതിയോടെ ഈ രീതിയിൽ പൂർത്തിയാക്കാനാകും. ജനുവരിയിൽ സ്‌കൂൾ തുറക്കുകയാണെങ്കിൽ ഒരു മാസത്തെ അദ്ധ്യയനം മാത്രം നഷ്ടപ്പെടുന്ന രീതിയിലേക്ക് വിടവ് ചുരുക്കാനാകുമെന്നും ശുപാർശയിൽ പറയുന്നു.