തിരുവനന്തപുരം: രാജ്യത്തെ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വിടവാങ്ങൽ നാളെ രാജസ്ഥാനിൽ നിന്ന് ആരംഭിക്കും. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറ് അന്തരീക്ഷ സ്ഥിതിയിൽ ഇതിനുള്ള സാഹചര്യങ്ങൾ രൂപപ്പെട്ടുവരികയാണ്. വടക്കുപടിഞ്ഞാറൻ അന്തരീക്ഷ സ്ഥിതിയിൽ താപനില സാധാരണയേക്കാൾ കൂടുകയും അന്തരീക്ഷത്തിലെ ഈർപ്പ സാന്നിധ്യം കുറയുകയും ചെയ്തിട്ടുണ്ട്.
സെപ്തംബർ രണ്ടാം ആഴ്ചയിൽ ഉത്തരേന്ത്യയിലും പടിഞ്ഞാറൻ തീരത്തും കനത്ത മഴ ലഭിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ മൺസൂൺ പിന്മാറ്റത്തിന് അനുകൂലമായ അന്തരീക്ഷസ്ഥിതി പെട്ടെന്ന് ഒരുങ്ങുമെന്നാണ് നിരീക്ഷണം. കഴിഞ്ഞ അഞ്ചുവർഷവും തുടർച്ചയായി മൺസൂൺ പിന്മാറ്റം വൈകിയിരുന്നു. സംസ്ഥാനത്ത് ഇത്തവണ 11 ദിവസം വൈകി ഒക്ടോബർ രണ്ടാം വാരത്തോടെയാണ് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ വിടവാങ്ങൽ നടക്കുക.