cpm

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.എം തീരുമാനം. ആരോപണങ്ങളിൽ സർക്കാരിന്റെ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങൾ പൂർണ പിന്തുണ നൽകി.

അതേസമയം, സി.ബി.ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാനസമിതി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഇടപെടുന്നതിൽ നിന്ന് സി.ബി.ഐയെ മാറ്റിനിറുത്താൻ നിയമനിർമ്മാണം വേണമെന്ന അഭിപ്രായം സി.പി.എമ്മിനില്ല.

ബി.ജെ.പി സംസ്ഥാന നേതൃത്വമെടുത്ത രാഷ്ട്രീയ തീരുമാനമാണ് സി.ബി.ഐ അന്വേഷണത്തിലൂടെ നടപ്പാക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സി.ബി.ഐയെ എതിർക്കുന്ന കോൺഗ്രസ് പാർട്ടി കേരളത്തിൽ ബി.ജെ.പിക്കൊപ്പം നിൽക്കുന്നു.

ബി.ജെ.പി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത അതേ രീതിയിലുള്ള ഇടപെടലിന്റെ തുടക്കമാണ് സി.ബി.ഐ അന്വേഷണം. അഴിമതിയാരോപണത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. സർക്കാരിനെ ഇരുട്ടിൽ നിറുത്തിയാണ് സി.ബി.ഐയുടെ ഇടപെടലുണ്ടായത്. അന്വേഷണമേറ്റെടുക്കണമെന്നുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാമായിരുന്നു.

വിജിലൻസ് അന്വേഷിക്കുന്നത് അഴിമതിയാരോപണമാണ്. സി.ബി.ഐ എഫ്.ഐ.ആറിട്ടിരിക്കുന്നത് പക്ഷേ നയതന്ത്ര പ്രോട്ടോക്കോൾ സംബന്ധിച്ചാണ്. വിജിലൻസ് അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത കാര്യമുണ്ടെങ്കിൽ അവർ തന്നെ സി.ബി.ഐ അന്വേഷണമാവശ്യപ്പെടുമല്ലോ. വിജിലൻസ് അന്വേഷണത്തിൽ കാലതാമസമുണ്ടായത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, അക്കാര്യം നേരത്തേ പറഞ്ഞിരുന്നെന്നായിരുന്നു മറുപടി. സർക്കാർ അതിന്മേൽ പരിശോധന നടത്തി തീരുമാനമെടുത്തു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ദേശീയ ഏജൻസികളന്വേഷിക്കുന്നത്. ദുബായിൽ നിന്ന് സ്വർണം അയച്ചവരെയും അത് സ്വീകരിച്ച കോൺസുലേറ്റ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തില്ല. ആ കേസന്വേഷണം ഒരിടത്തുമെത്താൻ പോകുന്നില്ല. അതിനാൽ മറ്റ് പ്രശ്നങ്ങൾ കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കാനാണ് ശ്രമം.

മന്ത്രി കെ.ടി. ജലീൽ സ്റ്റേറ്റ് കാർ ഉപേക്ഷിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനെത്തിയതിനെ വിമർശിച്ച കാനം രാജേന്ദ്രന്റേത് സി.പി.ഐയുടെ നിലപാടാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ വേണം. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും ബി.ജെ.പിയെയും തോല്പിക്കാൻ സഹായകമായ രാഷ്ട്രീയ നിലപാടെടുക്കും. ഇരുവർക്കുമെതിരായ കക്ഷികളുമായും വ്യക്തികളുമായും ചേർന്ന് മത്സരിക്കും.