തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടുകെട്ടാനും സ്വത്തുകൾ വി​റ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ തീരുമാനം. സാമ്പത്തിക തട്ടിപ്പുകൾ തടയാനായി കേന്ദ്രസർക്കാ‌ർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതാദ്യമായാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു നടപടി. ആഭ്യന്തര സെക്രട്ടറി സജ്ഞയ് എം കൗളിനെ ഇതിന്റെ അതോറി​റ്റിയായി സർക്കാർ നിയമിച്ചു. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവൻ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറി​റ്റിയുടെ ആദ്യനടപടി. അടുത്ത ഘട്ടത്തിൽ പോപ്പുലർ ഫിനാൻസ് ഉടമകളുടെ മുഴുവൻ സ്വത്തുകളും കണ്ടുകെട്ടും. തുടർന്ന് ഇവ ലേലം ചെയ്‌തോ വിൽപന നടത്തിയോ പണം കണ്ടെത്തി നിക്ഷേപകർക്കു നൽകും. പ്രതികൾ വിൽപന നടത്തിയ സ്വത്തുകൾ കണ്ടുകെട്ടാനും അതോറി​റ്റിക്ക് അധികാരമുണ്ടാവും. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പരിഗണിക്കാനായി പ്രത്യേക കോടതിയും രൂപീകരിക്കപ്പെടും. നിക്ഷേപകരിൽ നിന്ന് രണ്ടായിരം കോടി തട്ടിയെടുത്തെന്നാണ് കേസ്.