tvm

തിരുവനന്തപുരം : മുൻമന്ത്രി പി.കെ. വേലായുധന്റെ വേർപാടിന് ശേഷം തലചായ്ക്കാൻ ഇടമില്ലാത്ത വലഞ്ഞ ഭാര്യ ഗിരിജാ വേലായുധന് നഗരസഭ കിടപ്പാടമൊരുക്കി. നഗരസഭയുടെ കല്ലടിമുഖത്തെ ഭവന സമുച്ചയത്തിലെ ഒഴിവുള്ള ഫ്ലാറ്റാണ് ഗിരിജയ്‌ക്ക് അനുവദിക്കുന്നത്.

1982 - 1987ലെ കരുണാകരൻ മന്ത്രിസഭയിൽ 1983 മുതൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. വേലായുധൻ 2003ലാണ് മരണമടഞ്ഞത്. മക്കളില്ലാത്ത ഗിരിജ കാക്കാമൂലയിൽ കൂട്ടുകാരിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. വേലായുധൻ ജീവിച്ചിരുന്നപ്പോഴും പല സ്ഥലങ്ങളിലായി വാടക വീടുകളിലാണ് താമസിച്ചത്.

ഇന്നലെ മേയർ കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് കാണിച്ച് ഗിരിജാ വേലായുധൻ മന്ത്രി എ. കെ.ബാലന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വീട് അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗിരിജ പ്രതികരിച്ചു.