aaa

വിതുര: കാടിന്റെ അതിരുതാണ്ടി നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്നു. പാട്ടത്തിനെടുത്തും കടം വാങ്ങിയും ലോണെടുത്തുമൊക്കെ കർഷകർ വിളവിറക്കുന്ന കൃഷി കാട്ടുപന്നികൾ നശിപ്പിക്കുന്നത് വിതുരയിൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വാഴയും,​ മരിച്ചീനിയും,​ പച്ചക്കറി കൃഷികളുമാണ് കാട്ടുപന്നികൾ പിഴുതെറിയുന്നത്. ഇത്തരത്തിൽ കൃഷി നഷ്ടം സംഭവിക്കുന്നത് കാരണം പ്രദേശത്തെ ഒട്ടുമിക്ക കർഷകരും കടക്കെണിയിലായിരിക്കുകയാണ്. ഇതുവരെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കർഷകർ പറയുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വനമേഖലയോട് ചേർന്നുള്ള നാഗര,​ ഭദ്രംവച്ചപാറ,​ പുളിച്ചാമല മേഖലകളിൽ സന്ധ്യ മയങ്ങിയാൽ പിന്നെ കാട്ടുപന്നികളുടെ വിഹാര കേന്ദ്രമാണ്. ഇതുവഴി ഈ സമയങ്ങളിൽ കാൽനടയാത്ര പോലും അസാദ്ധ്യമാണ്.

ആദിവാസി മേഖലകളിലെയും അവസ്ഥ വിഭിന്നമല്ല. ആദിവാസി മേഖലയ്ക്ക് പുറമേ വിതുര പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലും പന്നി ശല്യം നിമിത്തം കൃഷി അന്യമായിരിക്കുകയാണ്. പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. പൗൾട്രിഫാമുകളിൽ നിന്നുള്ള ഇറച്ചി വേസ്റ്റ് ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലും നിറച്ച് ഇൗ മേഖലയിൽ കൊണ്ടിടുക പതിവാണ്. മാലിന്യം തിന്നാൻ പന്നികൾ കൂട്ടമായെത്തുന്നതും പതിവാണ്. പന്നിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല.

 ആക്രമണം തുടർക്കഥ

നാഗര-കാലങ്കാവ് റൂട്ടിൽ രാത്രി ബൈക്കുകളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ഗൃഹനാഥൻ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മാത്രമല്ല ആറ് പേരെ പന്നികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് നട്ടെല്ല് തകർന്ന യുവാവ് ഇപ്പോഴും ചികിത്സയിലാണ് പന്നിയുടെ ആക്രമണത്തിൽ രണ്ട് വീട്ടമ്മമാർക്കും ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ പത്ര വിതരണത്തിന് എത്തിയ ഏജന്റുമാരും പന്നികളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.

 പന്നിക്ക് വിലങ്ങിടാൻ വേട്ടക്കാരുണ്ട്

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നുതുടങ്ങി. വനം വകുപ്പിൽ നിന്നും പ്രത്യേകം അനുമതി വാങ്ങിയാണ് വിതുര പഞ്ചായത്തിൽ പന്നികളെ കൊല്ലുന്നത്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായി വിതുര പഞ്ചായത്തിനാണ് പന്നികളെ വെടിവയ്ക്കാൻ അനുമതി ലഭിച്ചത്.