plus-one-allotment

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മുതൽ ഒക്ടോബർ ആറ് വരെ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്തി പ്രവേശനം നേടാം. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ അലോട്ട്‌മെൻറ്​ വിവരങ്ങൾ പരിശോധിക്കാം. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്. അലോട്ട്മെന്റിലൂടെ അവസരം ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററിലുള്ള തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളുകളിലെത്തണം.

അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. കഴിഞ്ഞ അലോട്ട്‌മെന്റിൽ താൽകാലിക അഡ്മിഷൻ എടുത്തവർ രണ്ടാം അലോട്ട്‌മെന്റിൽ മാറ്റമൊന്നുമില്ലെങ്കിൽ സ്ഥിരപ്രവേശനം നേടണം. ഓൺലൈനായും സ്‌കൂളിൽ നേരിട്ടും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റിലെ Candidate Login Sports ലെ Sports Results എന്ന ലിങ്കിലൂടെ വിവരങ്ങൾ ലഭിക്കും. 28 മുതൽ ഒക്ടോബർ ഒന്ന് വരെയായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അഡ്മിഷൻ ലഭിക്കാത്തവർക്കും രണ്ടാം അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ നൽകാവുന്നതാണ്. ഇതിന്റെ നോട്ടിഫിക്കേഷൻ ഒക്ടോബർ ആറിന് ശേഷം പ്രസിദ്ധീകരിക്കും.