തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്നു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, വിജയ് പി. നായർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇരു കൂട്ടർക്കുമെതിരെ സിറ്റി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
അതിക്രമിച്ച് കയറൽ, മർദ്ദനം തുടങ്ങിയ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദേഹോപദ്രവം ഏൽപിക്കുകയും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ എടുത്തുകൊണ്ടുപോവുകയും ചെയ്തെന്ന വിജയ് പി. നായരുടെ പരാതിയിലാണ് നടപടി. ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണക്കുറ്റവും ചുമത്തി. കൈയേറ്റത്തിനു പിന്നാലെ മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായർ ശനിയാഴ്ച രാത്രി നിലപാട് മാറ്റി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ മ്യൂസിയം, തമ്പാനൂർ സ്റ്റേഷനുകളിലായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. യൂട്യൂബ് ചാനലിലൂടെ സംവിധായകൻ ശാന്തിവിള ദിനേശ് തന്നെ അപകീർത്തിപ്പെടുത്തിയതായി കാണിച്ച് ഭാഗ്യലക്ഷ്മി ഡി.ജി.പിക്ക് നൽകിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് വിജയ് പി. നായരുടെ ഓഫീസിലെത്തി ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൈയേറ്റം ചെയ്തത്. ഇയാളുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംഘം സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തിയതിനു മാപ്പുപറയിപ്പിക്കുകയും ചെയ്തു. കേസന്വേഷണം നടക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തമ്പാനൂർ സി.ഐ ബൈജു എ പറഞ്ഞു.
ഗൗരവമേറിയ വകുപ്പുകൾ ചുമത്തുന്നകാര്യവും അതിനുശേഷമേ പരിഗണിക്കാനാവൂ എന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി.
നിയമം കുറ്റവാളികൾക്ക്
ഒപ്പം: ഭാഗ്യലക്ഷ്മി
ജയിലിൽ പോകേണ്ടി വന്നാൽ അന്തസായി പോകുമെന്നും ഇവിടത്തെ നിയമം കുറ്റവാളികൾക്കൊപ്പമാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സ്ത്രീകൾക്കെതിരെ വ്യക്തമായ സൂചന നൽകി ലൈംഗിക അധിക്ഷേപം നടത്തുന്നതാണ് വിജയ് പി. നായർ ഒരു മാസം മുൻപ് പ്രസിദ്ധീകരിച്ച വീഡിയോ. അതിനെതിരെ കഴിഞ്ഞ മാസം 26ന് രാവിലെ ശ്രീലക്ഷ്മി തിരുവനന്തപുരം സിറ്റി സൈബർ സെല്ലിന് പരാതി നൽകിയിരുന്നെങ്കിലും നടപടിക്കായി കൈമാറിയത് കൈയേറ്റ സംഭവത്തിനുശേഷം
താമസസ്ഥലത്ത് അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം ഇന്ത്യൻ ശിക്ഷാ നിയമം 452 വകുപ്പ് പ്രകാരം ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചില്ലെങ്കിലും പൊലീസിന് കേസെടുക്കാം. യൂട്യൂബ് ചാനൽ വഴി നടത്തിയ പരാമർശങ്ങളും കുറ്റകരമാണ്. ഐ.ടി ആക്ടിലെ സെക്ഷൻ 67 പ്രകാരം മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.
അഡ്വ . ടി. അസഫലി
മുൻ പ്രോസിക്യൂഷൻ
ഡയറക്ടർ ജനറൽ