kseb1

മുടപുരം:മുടപുരം കെ.എസ്.ഇ.ബി സബ് എൻജിനിയർ ഓഫീസിൽ ജീവനക്കാരില്ലാത്തതിനാൽ വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ കാലതാമസമെന്ന് പരാതി. 25 വർഷം മുൻപ് മുടപുരത്ത് ആരംഭിച്ച ഓവർസിയർ ഓഫീസിൽ അന്ന് ഒരു ഓവർസിയർ, ഒരു കാഷ്യർ, രണ്ട് ലൈൻമാൻമാർ എന്നിവർ ഉണ്ടായിരുന്നു. എന്നാൽ ഒരു വർഷം മുൻപ് ഒരു ജീവനക്കാരനുമില്ലാതെ സബ് എൻജിനിയർ ഓഫീസിന്റെ പ്രവർത്തനം നിശ്ചലമായി. ഒരാഴ്ച മുൻപ് ഒരു കാഷ്യറെ നിയമിച്ചതുമാത്രമാണ് പിന്നീട് ഉണ്ടായ നടപടി. ബില്ലടയ്ക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. മറ്റ് പരാതികൾ ബോധിപ്പിക്കാനോ തകരാറുകൾ പരിഹരിക്കാനോ സൗകര്യമില്ലാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്.

നേരത്തെ എല്ലാ ജീവനക്കാരും ഉണ്ടായിരുന്നപ്പോൾ ഈ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഇന്ന് പരാതികൾ ബോധിപ്പിക്കുന്നതിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ചിറയിൻകീഴ് ഓഫീസിൽ പോകേണ്ടിവരും. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധന

ഓവർസിയർ ഓഫീസ് അനുവദിക്കുമ്പോൾ അതിന്റെ പ്രവർത്തന മേഖലയിൽ അയ്യായിരത്തോളം ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ ആറ്റിങ്ങൽ,മംഗലപുരം,അവനവഞ്ചേരി എന്നീ സെക്ഷനുകളിൽ നിന്ന് ചില പ്രദേശങ്ങൾകൂടി ചിറയിൻകീഴ് സെക്ഷൻ ഓഫീസിന്റെ കീഴിലെ മുടപുരം ഓഫീസിന്റെ കീഴിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ ഉപഭോക്താക്കളുടെ എണ്ണം പതിനായിരത്തിലേറെയായി.പ്രവർത്തന വിസ്തൃതി വർദ്ധിച്ചപ്പോൾ പരാതികളും തകരാറുകളും വർദ്ധിച്ചു.

പ്രവർത്തന മേഖല

കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ 80 ശതമാനവും അഴൂർ, മുദാക്കൽ ഗ്രാമ പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ഓഫീസിന്റെ പ്രവർത്തന മേഖല. മുടപുരം, മുട്ടപ്പലം, ചിറ്റാരിക്കോണം, മരങ്ങാട്ടുകോണം, കൊച്ചാലുംമൂട്, പറയത്തുകോണം, നൈനാംകോണം, പന്തലക്കോട്, കാട്ടുമുറാക്കൽ, കോരാണി, ചെറുവള്ളിമുക്ക് പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും.

നിലവിൽ വൈദ്യുതി തകരാറുകൾ ഉണ്ടാകുമ്പോൾ പരിഹരിക്കുന്നതിനായി ചിറയിൻകീഴ് സെക്ഷൻ ഓഫീസിൽ നിന്നും ജീവനക്കാർ ജീപ്പിലോ ഇരുചക്രവാഹനത്തിലോ എത്തിച്ചേരണ്ട അവസ്ഥയാണ്. കാട്ടുമുറാക്കൽ പാലം പൊളിച്ചിട്ടിരിക്കുന്നതിനാൽ ചിറയിൻകീഴ് നിന്ന് അധികദൂരം സഞ്ചരിച്ചാലേ ഇവർക്ക് എത്തിച്ചേരാൻ സാധിക്കൂ. ഇതും തകരാറുകൾ പരിഹരിക്കുന്നത് വൈകാൻ കാരണമാണ്.

മുടപുരം സബ് എഞ്ചിനീയർ ഓഫീസിന്റെ പ്രവർത്തന മേഖലയിൽ ഉണ്ടാകുന്ന വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിന് ഈ ഓഫീസിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
എ.അൻവർഷ(സെക്രട്ടറി,സി.പി.ഐ.കിഴുവിലം ലോക്കൽ കമ്മിറ്റി)

ഉപഭോക്താക്കൾ: 10000ൽ അധികം

ജീവനക്കാർ: 1

മുൻപ്: 4 ജീവനക്കാർ

ഗുണം 3 പഞ്ചായത്തുകൾക്ക്

പരാതികൾക്ക് നടപടിയില്ല

ഉപഭോക്താക്കൾ വലയുന്നു